കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹവ്യാപന സാധ്യത തടയാനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി അധികൃതര്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ സമൂഹവ്യാപന സാധ്യതയും ആരോഗ്യവകുപ്പ് മുന്നില്‍ കാണുന്നു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് അധികൃതരില്‍ ആശങ്ക സൃഷ്ടിക്കുന്നത്.
ശനിയാഴ്ച മുതല്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കാനും രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ദ്രുതകര്‍മ്മസേന വഴിയുള്ള ബോധവത്കരണത്തിലൂടെ സമൂഹവ്യാപനത്തിനുള്ള സാധ്യതകള്‍ തടയാനുമാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാനേതൃത്വത്തിന്റെയും നടപടി.
കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം 600 കടന്നിരുന്നു. കഴിഞ്ഞ ദിവസം രോഗവ്യാപനത്തെ തുടര്‍ന്ന പാളയം മാര്‍ക്കറ്റ് അടക്കേണ്ടതായും വന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് അധികൃതരുടെ നീക്കം.
കൊയിലാണ്ടി, വടകര, പയ്യോളി എന്നീ നഗരസഭകളിലും ചാത്തമംഗലം, പെരുവയല്‍, ഉണ്ണികുളം, കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. സംസ്ഥാനം മുഴുവന്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോടും സമാനമായ രീതിയില്‍ വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും അധികൃതര്‍ മുന്നറിയപ്പ് നല്‍കുന്നുണ്ട്.
ജില്ലയില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നുണ്ട്. രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ 50 ബെഡുകള്‍ വീതമുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കാനും ഒരുങ്ങുന്നുണ്ട്.
അതേസമയം രാജ്യത്തെ കൊവിഡ് രോഗവ്യാപന നിരക്കില്‍ കേരളം തന്നെ ഒന്നാം സ്ഥാനത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 3.4 ശതമാനമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗവ്യാപനനിരക്ക്. ഇതേനില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പ്രതിദിനരോഗികളുടെ എണ്ണം 10,000 കടക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 750000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
രോഗവ്യാപന നിരക്കില്‍ ഛത്തീസ്ഗഢും അരുണാചല്‍പ്രദേശുമാണ് കേരളത്തിനു തൊട്ടുപിന്നിലുള്ളത്. ഇരുസംസ്ഥാനങ്ങളിലെയും രോഗവ്യാപനനിരക്ക് മൂന്നുശതമാനമാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക