കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍: അണ്‍ലോക്ക് 5 പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ
national news
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍: അണ്‍ലോക്ക് 5 പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th October 2020, 10:00 am

ന്യൂദല്‍ഹി: കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ പുറത്തിറങ്ങി. അതേസമയം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഉത്സവകാലത്ത് കൊവിഡ് പ്രതിരോധത്തില്‍ അയവ് വരുത്തരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ആളുകള്‍ കൂടുന്ന ആഘോഷങ്ങള്‍ പാടില്ലെന്നും ഇവിടെ നിന്നുള്ളവര്‍ മറ്റിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ മുന്‍ കേന്ദ്രനിര്‍ദേശം തന്നെ തുടരുമെന്നാണ് പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്. അണ്‍ലോക്ക് 5 ന്റെ ഭാഗമായി തിയേറ്ററുകള്‍ക്ക് ഉള്‍പ്പെടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

പ്രധാന നിര്‍ദേശങ്ങള്‍

ആരാധനാലയങ്ങളില്‍ വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും മറ്റും തൊടുന്ന രീതിയുണ്ടെങ്കില്‍ ഒഴിവാക്കണം. ഗായകസംഘങ്ങള്‍ക്കു പകരം റിക്കോര്‍ഡ് പാട്ടുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യം. അന്നദാനം അകലം പാലിച്ചു മാത്രം.

65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ളവര്‍ തുടങ്ങിയവര്‍ സ്വയം ഒഴിവാകണം.

നിശ്ചിതയെണ്ണം ആളുകള്‍ മാത്രമേ ഘോഷയാത്രയിലും മറ്റും പാടുള്ളു. ദീര്‍ഘദൂരമുണ്ടെങ്കില്‍ ആംബുലന്‍സ് നിര്‍ബന്ധം.

രോഗലക്ഷണമില്ലാത്തവര്‍ക്ക് മാത്രം പ്രവേശനം. പരിപാടി നടക്കുന്നതിനിടെ ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ മാറ്റാന്‍ ഐസോലേഷന്‍ മുറി മുന്‍കൂര്‍ ഉറപ്പാക്കണം.

ടിക്കറ്റ് വെച്ചുള്ള പരിപാടിയാണെങ്കില്‍ കൂടുതല്‍ കൗണ്ടറുകള്‍. പണമിടപാട് ഡിജിറ്റലായിരിക്കണം.

ആരാധനാലയങ്ങളില്‍ ചെരിപ്പ് പുറത്തിടേണ്ട സാഹചര്യമുണ്ടെങ്കില്‍ സ്വന്തം വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കുന്നത് നല്ലത്. അല്ലെങ്കില്‍ പ്രത്യേക സ്ഥലം കണ്ടെത്തണം.

എ.സി താപനില 24-30 ഡിഗ്രിയില്‍ ക്രമീകരിക്കണം. പാചകപ്പുര, ശുചിമുറി തുടങ്ങിയവ ഇടവിട്ട് അണുവിമുക്തമാക്കണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid 19 India  Unlock 5 guidelines