COVID-19
കൊവിഡിന് ഗ്ലൂക്കോസ് തുള്ളി മതിയാവുമോ? മാതൃഭൂമി എന്ത് നന്മയാണ് സമൂഹത്തിനു നല്‍കുന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 18, 02:36 pm
Sunday, 18th October 2020, 8:06 pm

കോവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് ലായനി മൂക്കില്‍ ഇറ്റിച്ചാല്‍ മതിയെന്നും, ഈ വിവരം പ്രധാനമന്ത്രിയുടെ ഓഫീസിനെയും, ICMRനെയും ധരിപ്പിച്ചപ്പോള്‍ അവര്‍ അഭിനന്ദിച്ചു എന്നും, കഴിഞ്ഞ ദിവസം ഒരു ENT ഡോക്ടര്‍ മാതൃഭൂമി പത്രത്തിലൂടെ അവകാശവാദം ഉന്നയിച്ചു.

ഈ വാര്‍ത്ത വന്നതിനുശേഷം മൂന്നോളം സൂം മീറ്റിങ്ങുകളില്‍ ഇതിനെപ്പറ്റി സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അതിലൊന്നില്‍ ഒരാള്‍ പറഞ്ഞത്, ഈ വാര്‍ത്ത വിശ്വസിച്ച അവര്‍, ഗ്ലൂക്കോസ് പൊടി വാങ്ങി വെള്ളത്തില്‍ കലക്കി മൂക്കില്‍ ഇറ്റിക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുകയായിരുന്നു എന്നാണ്.

രണ്ടു ദിവസം കൊണ്ട് തന്നെ ഈ വാര്‍ത്ത വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റികളും, അവിടത്തെ പ്രൊഫസര്‍ കേശവന്‍മാമന്മാരും ഏറ്റെടുത്തു പ്രചരിപ്പിച്ചു കഴിഞ്ഞു. നിലവില്‍ ഗ്‌ളൂക്കോസിന് മെഡിക്കല്‍ ഷോപ്പില്‍ വില്‍പ്പന കൂടി എന്നുവരെ കേള്‍ക്കുന്നു. സാധാരണ മനുഷ്യരെ ഈ അസംബന്ധം എത്രത്തോളം സ്വാധീനിക്കുന്നു എന്നുള്ളത് ഞെട്ടലോടെയേ കേട്ടിരിക്കാന്‍ പറ്റൂ.

മഹാമാരിയെ എളുപ്പവഴിയില്‍ തുരത്താം എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ക്കുള്ള സ്വീകാര്യത നമുക്കിടയില്‍ ചെറുതല്ലാന്നറിയാം. സാധാരണ വ്യാജന്മാരാണ് സ്ഥിരീകരിക്കാത്തതും ലോജിക്കില്ലാത്തതുമായ അവകാശവാദങ്ങളുമായി അരങ്ങു കയ്യേറുന്നത്. ഇത്തവണ ഒരു മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍ തന്നെയാണ് വലിയ അവകാശവാദവുമായി വന്നിരിക്കുന്നത്.

ശാസ്ത്ര അവബോധം ഉള്ള അനേകം പേര്‍, സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഈ അവകാശവാദത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടി ആശയക്കുഴപ്പം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് ഇന്ന് മാതൃഭൂമി പത്രം എഡിറ്റോറിയല്‍ പേജില്‍ വലിയ പ്രാധാന്യത്തോടെ പ്രസ്തുത ഡോക്ടറുടെ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ അദ്ദേഹം തന്റെ അവകാശവാദങ്ങള്‍ ശക്തമായി തന്നെ ആവര്‍ത്തിക്കുന്നു.

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്താന്‍ പോന്ന ഇത്തരം ചെയ്തികള്‍ നിര്‍ഭാഗ്യകരം എന്നേ പറയാനുള്ളൂ. എന്തുകൊണ്ടെന്നു വിശദീകരിക്കാം.

ഈ അവകാശവാദം സത്യമാവാന്‍ വഴിയുണ്ടോ?

ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനശാസ്ത്ര തത്വങ്ങള്‍ എന്നിവ വെച്ച് അപഗ്രഥിക്കാന്‍ ശ്രമിക്കാം. ഇങ്ങനെ ഒരു സിദ്ധാന്തത്തിന് സാധുത ഉണ്ടോ? പഠനത്തിന് സാധ്യത എത്രത്തോളം ഉണ്ട്?

അദ്ദേഹം പറയുന്ന പല അവകാശവാദങ്ങളും വിചിത്രമാണ്, പല അഭിമുഖങ്ങളിലും അദ്ദേഹം പറയുന്ന ചിലതില്‍ വൈരുദ്ധ്യവും ഉണ്ട്.

1. ‘കൊറോണ വൈറസ് പ്രധാനമായും മൂക്കില്‍ കൂടി തൊണ്ടയുടെ ഏറ്റവും മുകള്‍ ഭാഗത്താണ് തങ്ങി നില്‍ക്കുന്നത്’

വസ്തുത: – വൈറസ് പ്രവേശിക്കുന്ന മാര്‍ഗ്ഗം മൂക്ക് മാത്രമല്ല,ശ്വസിക്കുന്ന സ്രവകണികകള്‍ വായുവിലൂടെ എത്തിക്കുന്ന രോഗാണുക്കള്‍ മൂക്കിലും തൊണ്ടയിലും ഒക്കെ പറ്റിപിടിച്ചു ഇരിക്കുക മാത്രമല്ല, നേരിട്ട് ശ്വാസകോശത്തിലും എത്താം.

കൂടാതെ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് വഴി അവിടങ്ങളിലുള്ള വൈറസ് കൈകളില്‍ എത്തുകയും, പിന്നീട് കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിലെ ശ്ലേഷ്മ സ്തരത്തില്‍ സ്പര്‍ശിച്ചാലും വൈറസ് ഉള്ളിലെത്താം എന്ന് ഓര്‍ക്കുക. അതുകൊണ്ടാണ് കൈ നിരന്തരം ശുചിയാക്കാന്‍ നമ്മള്‍ നിര്‍ദ്ദേശിക്കുന്നത്. ദഹനവ്യവസ്ഥ ഉള്‍പ്പെടെയുള്ള ശരീരാവയവങ്ങളെ കോവിഡ് ബാധിക്കാം എന്നുമോര്‍ക്കുക.

2. ‘ആദ്യ മൂന്നു നാല് ദിവസം വൈറസിന്റെ സാന്നിധ്യം അറിയാന്‍ വേണ്ടി മൂക്കില്‍ കൂടി തൊണ്ടയില്‍ നിന്നുള്ള സ്രവം പരിശോധിക്കുന്നു’

തന്റെ സിദ്ധാന്തത്തെ ന്യായീകരിക്കാന്‍ വേണ്ടി മൂക്ക് കേന്ദ്രീകരിച്ചാണ് കോവിഡ് രോഗം ഉണ്ടാകുന്നതെന്ന് ധ്വനിപ്പിക്കാന്‍ വേണ്ടിയാണ് ഈ വാദങ്ങള്‍.

എന്നാല്‍ കോവിഡ് വൈറസിനെ കണ്ടെത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം Broncho Alveolar Lavage (അഥവാ ശ്വാസനാളത്തിനുള്ളില്‍ ബ്രോങ്കോസ്‌കോപ് എന്ന കുഴല്‍ കടത്തി ശേഖരിക്കുന്ന സ്രവം) ആണ് മൂക്കിലെ സ്രവത്തേക്കാള്‍ പല മടങ്ങു കൃത്യതയുള്ള ഫലം തരുന്നത്.

എന്നാല്‍ ഇത് ചെയ്യുക പ്രയാസവും ഒരുപാടാള്‍ക്കാരില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യാന്‍ അപ്രായോഗികവും ആയതിനാലാണ് മൂക്കിലെ സ്രവം എടുക്കുന്നത്.

വൈറസുകള്‍ മൂക്കില്‍ മാത്രം ‘കൂടുകെട്ടി’ ഇരിക്കുക അല്ല എന്ന് ചരുക്കം. മൂക്കിലെ കുറച്ചു കൊറോണ വൈറസുകളെ നശിപ്പിക്കാനായി ആരെങ്കിലും ഒരു വിദ്യ കണ്ടെത്തിയാല്‍ പോലും, ശ്വാസകോശത്തില്‍ ഉള്‍പ്പെടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തപ്പെടുന്ന കൊറോണ വൈറസ് അവശേഷിക്കുമല്ലോ.

3. ‘ ഗ്ലൂക്കോസ് തുള്ളി മരുന്ന് മൂക്കില്‍ ഇറ്റിച്ചാല്‍ തൊണ്ടയില്‍ വെച്ച് തന്നെ വൈറസിനെ നശിപ്പിക്കാന്‍ കഴിയും’ എന്ന് മറ്റൊരു അവകാശ വാദം.

നാം വൈറസിനെ പ്രവേശനമാര്‍ഗ്ഗത്തില്‍ തന്നെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കുന്നു, കൈകള്‍ ശുചിയാക്കുന്നു, ശരീരം മൊത്തം ആവരണം ചെയ്യുന്ന പി പി ഇ കിറ്റ് വരെ ധരിക്കുന്നു. എന്നാല്‍ ഏവര്‍ക്കും അറിയാം ഈ പ്രതിരോധം അത് ധരിക്കുന്ന അത്രയും നേരമേ ഉള്ളൂവെന്ന്.

എന്നാല്‍ മൂക്കില്‍ ഇറ്റിക്കുന്ന ഗ്ലൂക്കോസ് തുള്ളി രണ്ടു നേരം ഒഴിച്ചാല്‍ എങ്ങനെയാണ് 24 മണിക്കൂറും മൂക്കില്‍ വൈറസിനെ കൊല്ലാന്‍ പ്രാപ്തമായി ഇരിക്കുന്നത്. പ്രത്യേകിച്ച് സ്രവങ്ങള്‍ നിരന്തരം ഉണ്ടാകുന്ന മൂക്ക് പോലുള്ള ശ്ലേഷ്മ സ്തരത്തില്‍?

മറ്റുള്ള വൈറസിനും ഈ ഗ്ലൂക്കോസ് ഇറ്റിക്കല്‍ ഫലം ചെയ്യും എന്നാണോ വാദം എന്നറിയില്ല. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ക്കു മൂക്കില്‍ ഇറ്റിക്കുന്നത് പോലെ, ശരീരത്തില്‍ പ്രവേശിക്കുന്ന ഭാഗത്ത് ഗ്ലൂക്കോസ് ഇറ്റിച്ചു ലളിത പരിഹാരം പേവിഷ ബാധയിലോ, എച് ഐ വി യിലോ ഒക്കെ സിദ്ധാന്തമായി അവതരിപ്പിക്കാന്‍ സാധുത ഉണ്ടോ?

4 . ‘വൈറസിന് പ്രോട്ടീന്‍ കൊണ്ടുള്ള ഒരു ബാഹ്യ കവചം ഉണ്ട്. അതുണ്ടാക്കുന്ന ഒരു കണ്ടെന്‍സേഷന്‍ എന്ന പ്രക്രിയയിലൂടെയാണ്. ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് വെള്ളത്തിന്റെ കണികകള്‍ പുറത്തു വിടുക എന്നതാണ്. വൈറസിന്റെ രക്ഷാകവചം നശിപ്പിക്കാന്‍ ഹൈഡ്രോളിസിസ് എന്ന പ്രക്രിയയില്‍ കൂടെ കഴിയും.’

എന്താണ് വസ്തുത:

ഈ വൈറസിന് RNA എന്ന ജനിതക ഘടകവും അതിനുമേല്‍ പ്രധാനമായും ഒരു ലൈപ്പിഡ് ആവരണവും ആണുള്ളത്.

Lipid എന്നാല്‍ കൊഴുപ്പാണ്, ആ ഡോക്ടര്‍ പറഞ്ഞ പോലെ പ്രോട്ടീന്‍ അല്ലാ. സോപ്പ് കൊണ്ട് നമ്മള്‍ കൈ കഴുകുമ്പോള്‍ വൈറസിന്റെ ഈ കൊഴുപ്പുകൊണ്ടുള്ള ആവരണത്തെയാണ് ലക്ഷ്യം വെക്കുന്നത്. വൈറസിന്റെ പുറമെ കാണുന്ന മുള്ളുകള്‍ പോലുള്ള ഭാഗങ്ങളില്‍ പ്രോട്ടീനുണ്ട്, പക്ഷെയതും hydrolysis നടത്തി നശിപ്പിക്കല്‍ ലളിതമായ കാര്യമല്ല.

കുറെ സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ച് സാമാന്യ ജനത്തിനെ തെറ്റിദ്ധരിപ്പിക്കുക, അദ്ദേഹം പറയുന്നത് എന്തോ വലിയ ശാസ്ത്രീയ സംഗതിയാണെന്ന് തോന്നിപ്പിക്കുക എന്നതില്‍ കവിഞ്ഞു വലിയ കഴമ്പ് ഈ ശാസ്ത്ര പ്രയോഗങ്ങളില്‍ ഇല്ല.

‘പ്രോട്ടീന്‍ ആവരണം’ ഉണ്ടെന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ തെളിയിക്കേണ്ട ബാധ്യത ‘burden of proof’ അദ്ദേഹത്തിന്റെ മേലാണെന്ന് സവിനയം അദ്ദേഹത്തെയും മാതൃഭൂമിയെയും ഓര്‍മ്മിപ്പിക്കുന്നു.

5. അദ്ദേഹം തന്നെ മാതൃഭൂമിയിലും ലോക്കല്‍ ചാനലിലും ആയി പറഞ്ഞ മറ്റു ചില പ്രസ്താവനകള്‍,

‘ഗ്‌ളൂക്കോസില്‍ അടങ്ങിയ ഓക്‌സിജന്‍ അയോണ്‍, വൈറസിന്റെ ബാഹ്യ ആവരണം ഇല്ലാതാക്കി അവയെ നശിപ്പിക്കും’

‘വെള്ളത്തിന്റെ കണികകളില്‍ അടങ്ങിയിരിക്കുന്ന ഓക്‌സിജനാണ് ഇതിനെ നശിപ്പിക്കുന്നത്. ഓക്‌സിജന്റെ എണ്ണം കൂടുംതോറും വൈറസിനെ നശിപ്പിക്കാനുള്ള ശക്തിയും കൂടും.’

‘ ഒരു ഗ്ലൂക്കോസ് തന്മാത്രയില്‍ ആറു ഓക്‌സിജന്‍ കണികകള്‍ അടങ്ങിയിരിക്കുന്നു.’
‘ഹാന്‍ഡ് സാനിറ്റയ്സറില്‍ പ്രധാനമായും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്’

വസ്തുതകള്‍ :

ഗ്ലൂക്കോസില്‍ ഇതില്‍ പറയുന്ന പോലെ ഓക്‌സിജന്‍ അയോണ്‍ വേറിട്ട് നിലകൊള്ളുന്നില്ല.

വെള്ളത്തിന്റെയോ ഗ്ലൂക്കോസിന്റെയോ തന്മാത്ര സാധാരണ അന്തരീക്ഷത്തില്‍ വിഘടിച്ചു ഓക്‌സിജനും ഹൈഡ്രജനും ആയി മാറുമെന്ന രീതിയിലെ വാദത്തിനു ശാസ്ത്രീയ അടിത്തറ എന്തെന്ന് അദ്ദേഹം തന്നെയാണ് വിശദീകരിക്കേണ്ടത്. കെമിസ്ട്രി അറിയാവുന്നവര്‍ക്കും പറയാം.

അങ്ങനെ ലളിത യുക്തി പ്രയോഗിക്കുക ആണെങ്കില്‍ ശ്വസിക്കുന്ന അന്തരീക്ഷവായുവില്‍ ഓക്‌സിജന്‍ എന്തുകൊണ്ട് വൈറസിനെ കൊല്ലുന്നില്ല എന്നാരെങ്കിലും ചോദിച്ചാല്‍ ഉത്തരം തരാനും ഇദ്ദേഹം ബാധ്യസ്ഥനാണ്. ഈ അവകാശവാദം അച്ചടിച്ച മാതൃഭൂമിയുടെ പേജിലുണ്ടാവും എണ്ണമില്ലാത്തത്രയും ഓക്‌സിജന്‍ ആറ്റങ്ങള്‍. അതൊക്കെ വൈറസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍

ഓരോന്നിലും അടങ്ങിയിട്ടുള്ള ആറ്റങ്ങളുടെ മാത്രമായ സവിശേഷതകള്‍ അല്ല തന്മാത്രകള്‍ക്കുള്ളത്,

ഉദാ: ഓക്‌സിജന്‍ ഹൈഡ്രജന്‍ ചേര്‍ന്നുള്ള H2O പച്ചവെള്ളമാണ്. H2O2 ആവട്ടെ ഹൈഡ്രജന്‍ പെറോക്‌സൈഡും, C2H6O എന്നത് ഈഥൈല്‍ ആല്‍ക്കഹോളും ആണ്. ഇവയൊക്കെ വ്യത്യസ്ത സ്വഭാവങ്ങള്‍ ഉള്ള പദാര്‍ഥങ്ങളാണ്.

അന്തരീക്ഷവായുവില്‍ ഓക്‌സിജന്‍ & ഹൈഡ്രജന്‍ ഉള്ളപ്പോള്‍ പോലും സാധാരണ സാഹചര്യങ്ങളില്‍ അത് ഒത്തു ചേര്‍ന്ന് വെള്ളം ഉണ്ടാവാറില്ല, തിരിച്ചു വിഭജിച്ചു ഓക്‌സിജനും ഹൈഡ്രജനുമായി വേര്‍തിരിയാറുമില്ല.

ചില പ്രത്യേക സാഹചര്യങ്ങള്‍ വെള്ളത്തിനു അയോണൈസേഷന്‍ നടക്കുമ്പോഴും ഹൈഡ്രോണിയം അയോണ്‍ OH ആണ് ഉണ്ടാവുന്നത് എന്നാണു പരിമിതമായ അറിവ്. കെമിസ്ട്രി വിദഗ്ധര്‍ പറയട്ടെ.

സാധാരണഗതിയില്‍ ഗ്ലൂക്കോസ് ശരീരത്തിലെത്തിയാല്‍, അത് വെള്ളവും (H2O) കാര്‍ബണ്‍ ഡൈ ഓക്‌സൈഡുമായി (CO2) മാറുകയാണ് ചെയ്യുന്നത്. അതുപോലും സങ്കീര്‍ണ്ണമായ രാസപ്രവര്‍ത്തനങ്ങളിലൂടെയാണ്.

‘സാനിറ്റയ്സറില്‍ 75% ത്തിലധികം ആല്‍ക്കഹോള്‍ ഉണ്ടെങ്കില്‍ മാത്രമേ അത് ഗുണം ചെയ്യൂ’

വസ്തുതാപരമായി തെറ്റാണ്. 60 % ആല്‍ക്കോഹോള്‍ ഉള്ള സാനിറ്റയ്സറിനു വരെ കൊറോണ വൈറസിനെ കൊല്ലാന്‍ കഴിയും, എന്നാല്‍ 70% ആണ് ഉചിതം എന്നതിനാല്‍ കുറഞ്ഞത് 70% വീര്യം വേണം എന്നാണു നിര്‍ദ്ദേശം.(75 അല്ല)

ഗ്ലൂക്കോസ് മൂക്കിലിറ്റിക്കുന്ന ചികിത്സ ഉണ്ടോ?

ഉണ്ട്. അട്രോഫിക് റൈനൈറ്റിസ് എന്ന രോഗത്തില്‍ മൂക്കിനുള്ളില്‍ ഡ്രൈ ആയി ശല്‍ക്കങ്ങള്‍ രൂപപ്പെടുന്നത് തടയാനാണ് പല ചികിത്സാ വിധികളില്‍ ഒന്നായി ഇത് ഉപയോഗിക്കുന്നത്. പക്ഷെ രോഗാണുക്കളെ കൊല്ലാനല്ല, അവിടെ ഗ്ലിസറിന് ഒപ്പം ചേര്‍ത്തിത് പ്രയോഗിക്കുന്നത്.

വാദങ്ങളിലെ അപാകതകള്‍??

തന്റെ ഭാഗം ന്യായീകരിക്കാന്‍ ചില Fallacy കള്‍, വികലമായ വാദമുഖങ്ങള്‍ ഒക്കെ അദ്ദേഹം മുന്നോട്ടു വെക്കുന്നു എന്നും കൂടി പറയാതെ വയ്യ.

1. Evidence v/s eminence

ശാസ്ത്രം/ മോഡേണ്‍ മെഡിസിനില്‍ എവിഡന്‌സ് ബേസ്ഡ് അഥവാ തെളിവ് അധിഷ്ഠിതമാണ്, എമിനെന്‍സ് അഥവാ വ്യക്തിഗത മേന്മയല്ല പ്രധാനം. വ്യക്തിയുടെ മഹത്വം അടിസ്ഥാനമാക്കിയല്ല വസ്തുതകള്‍ അംഗീകരിക്കുന്നത്.

അത്തരം മുന്‍വിധികളും പക്ഷപാതിത്വങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ശാസ്ത്രീയ ഗവേഷണ മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നത്. ലിനസ് പോളിംഗ് എന്ന ശാസ്ത്രജ്ഞന്‍ രണ്ട് വത്യസ്ത വിഷയങ്ങളില്‍ നൊബേല്‍ സമ്മാനങ്ങള്‍ നേടിയ അതികായനായിരുന്നു. പ്രായമായപ്പോള്‍ അദ്ദേഹത്തിനൊരു തോന്നലുണ്ടായി, വൈറ്റമിന്‍ സി കൊടുത്താല്‍ ജലദോഷം ഉണ്ടാവില്ല എന്ന്.

അതിനുവേണ്ടി അദ്ദേഹം പ്രബന്ധങ്ങള്‍ വരെ രചിച്ചു. പക്ഷേ താന്‍ പറഞ്ഞതിനെ ശാസ്ത്രീയമായി തെളിയിക്കാന്‍ മാത്രം അദ്ദേഹത്തിനോ അതില്‍ പരീക്ഷണം നടത്തിയ മറ്റ് ശാസ്ത്രജ്ഞര്‍ക്കും സാധിച്ചില്ല. എന്നിട്ടും താന്‍ പിടിച്ച മുയലിന് നാലു കൊമ്പെന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. പക്ഷെ, ശാസ്ത്രലോകം ആ വാദത്തെ അദ്ദേഹത്തിന്റെ ഭാവനയായി തള്ളിക്കളഞ്ഞു.

വിശദീകരണക്കുറിപ്പിലുടനീളം അദ്ദേഹം പല തവണ ആവര്‍ത്തിക്കുന്ന കാര്യം, അദ്ദേഹം 52 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഉള്ള 80 വയസ്സുള്ള വന്ദ്യവയോധികനാണ് എന്നൊക്കെയാണ്. ശ്രീ ഇ സുകുമാരനോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ ശാസ്ത്രീയ വാദങ്ങളില്‍ പ്രായം ഒരു മാനദണ്ഡം അല്ലല്ലോ സര്‍.

കോവിഡ് ഉണ്ടാക്കുന്ന SARS Cov 2 എന്ന വൈറസ് കണ്ടെത്തപ്പെട്ടിട്ട് ഏകദേശം 10 മാസം ആവുന്നതേയുള്ളു. ലോകം എമ്പാടുമുള്ള ഗവേഷണ വിദഗ്ദ്ധര്‍ക്കും അത്ര മാത്രമേ ഈ പുതിയ വൈറസിനെ പരിചയമുള്ളൂ എന്നതോര്‍ക്കണം. അപ്പോള്‍ തന്റെ ദീര്‍ഘകാലത്തെ ചികിത്സാ പാരമ്പര്യം പ്രോജക്ട് ചെയ്യുന്നത് എന്തിനെന്നു ആലോചിക്കുക.

ഇനി അദ്ദേഹത്തിന്റെ തന്നെ വാദം എടുത്താലും, രോഗികളെ ചികില്‍സിക്കുന്നതും മെഡിക്കല്‍ രംഗത്തെ പ്രത്യേകിച്ച് വൈറോളജിയിലെ ഗവേഷണ രംഗത്തെ പരിചയവും എളുപ്പം തുലനം ചെയ്യാവുന്നതല്ല. കുറഞ്ഞ പക്ഷം അവകാശ വാദം ഉന്നയിച്ച വ്യക്തിക്ക് ഗവേഷണ രംഗത്ത് എത്ര വര്‍ഷത്തെ പരിചയം ഉണ്ടെന്നും, അദ്ദേഹത്തിന്റെ മുന്‍കാല സംഭാവനകള്‍ എന്തെന്നും സമൂഹ നന്മയ്ക്കായി മാതൃഭൂമി കണ്ടെത്തി അറിയിക്കണമായിരുന്നു. ഇനി എങ്കിലും ചെയ്യാവുന്നതാണ്.

ഏറ്റവും പ്രായമുള്ള ആള്‍ എന്നത് ശാസ്ത്രീയ ആധികാരികത അളക്കാനുള്ള അളവുകോലല്ല. പാവയ്ക്കക്ക് മധുരമാണെന്ന് 90 വയസുള്ള പാവയ്ക്കാകര്‍ഷകന്‍ പറയുന്നതിന്റെ അതേ ലോജിക്കിനെയാണ് മാതൃഭൂമി ഇവിടെ അതാ പ്രായമായ ഡോക്ടര്‍ പറയുന്നത് കേട്ടില്ലേ എന്ന രീതിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

2. Appeal to Authority എന്ന വാദമുഖം

ഒരു വിഷയത്തില്‍ അഭിപ്രായം പറയുന്നത് ആരെന്നോ, അവരുടെ മുന്‍കാല നേട്ടങ്ങളോ നോക്കിയല്ല, ആ അഭിപ്രായത്തിന്റെ മെറിറ്റ് തീരുമാനിക്കുന്നത്. പറയുന്നതിന് തെളിവുണ്ടോ യുക്തിസഹമാണോ എന്നതിനാണ് പ്രാധാന്യം.

വാദത്തിന് ബലം നല്‍കാന്‍ ഉന്നയിച്ചതും, മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് തലക്കെട്ടായി പ്രചരിപ്പിച്ചതും, കണ്ടു പിടിത്തത്തിനു പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും, ഐ സി എം ആറില്‍ നിന്നും അഭിനന്ദനവും അംഗീകാരവും ഒക്കെ ലഭിച്ചു എന്ന രീതിയില്‍ ആയിരുന്നു.

എന്നാല്‍ ഇന്നത്തെ കുറിപ്പില്‍ അദ്ദേഹം വ്യക്തത വരുത്തി പറയുന്നു, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇത് ഐ. സി. എം .ആറിലേക്ക് ഫോര്‍വേഡ് ചെയ്യുക ആണുണ്ടായത്, എന്നാല്‍ ഐ സി എം ആര്‍ തന്നെ അഭിനന്ദിച്ചു എന്നുമാണ്.

ഏതെങ്കിലും ഒരു രോഗത്തിന്റെ ചികിത്സാ -പ്രതിരോധ മാര്‍ഗങ്ങള്‍ ഗുണകരമാണോ എന്ന് തീര്‍പ്പുകല്‍പ്പിക്കുന്ന ഒന്നല്ല ബഹു: പ്രധാനമന്ത്രിയുടെ ഓഫീസ് എന്നത് പൊതുവില്‍ ഏവര്‍ക്കും അറിയാവുന്ന കാര്യം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കോ, ICMR ലേക്കോ കത്തിടപാടുകള്‍ നടത്തുന്ന ആര്‍ക്കും ലഭിക്കുന്ന ഒരു കറസ്‌പോണ്ടന്‍സ് ഒരു അംഗീകാരമായി ചിത്രീകരിച്ചാല്‍ അത് ഉചിതമല്ല.

അദ്ദേഹം തന്നെ ഒടുവിലായി പറയുന്നത്, ശാസ്ത്രീയ പഠനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കി എന്ന് മാത്രമാണ്. അദ്ദേഹത്തിന് ICMR ഗവേഷണാനുമതി കൊടുത്തെങ്കില്‍, ആ ഗവേഷണമെല്ലാം കഴിഞ്ഞിട്ട് ഗുണമുണ്ടെന്ന് തെളിവുസഹിതം കണ്ടെത്തിക്കഴിഞ്ഞ ശേഷം വേണം ഇങ്ങനൊരു വാര്‍ത്ത വരേണ്ടിയിരുന്നത്. അത്തരമൊരു പഠന റിപ്പോര്‍ട്ട് പൊതു സമക്ഷം വരുന്നത് വരുന്നതുവരെയും ഇതൊരാളുടെ ഊഹം, തോന്നല്‍, ഭാവന ഒക്കെ മാത്രമാണ്.

സ്ഥിരീകരിക്കാത്ത സന്ദേശങ്ങള്‍/ അവകാശ വാദങ്ങള്‍ ഗുണം ചെയ്യില്ലന്ന് മാത്രമല്ല ദോഷവും ഉണ്ടാക്കിയേക്കും. ഇത്തരം പൊടിക്കൈകള്‍ പ്രതിരോധശക്തി തരും എന്ന് കരുതി യഥാര്‍ത്ഥത്തില്‍ വേണ്ട കരുതല്‍ നടപടികളില്‍ ആരെങ്കിലും അലംഭാവം കാണിച്ചാല്‍ അത് അപകടകരമായിരിക്കും.

ഗ്ലൂക്കോസ് അല്ലേ, ദോഷമൊന്നും ഇല്ലല്ലോ പിന്നെന്താ, എന്നൊക്കെ ചോദിക്കുന്നവര്‍ ആ വശം ചിന്തിക്കാറില്ല. നിരന്തരം മൂക്കിലേക്ക് ഗ്ലൂക്കോസ് ഇറ്റിക്കുന്നതു കൊണ്ട് ബാക്ടീരിയയ്ക്കൊക്കെ വല്ലോ ഗുണവും ഉണ്ടാക്കുമോ എന്നതും പരീക്ഷിച്ചു അറിയേണ്ട വിഷയമാണ്.

ഇത്തരം തെറ്റിദ്ധാരണാ ജനകമായ വാര്‍ത്ത ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമപരമായി ശിക്ഷാര്‍ഹമായ തെറ്റാണ്, പ്രത്യേകിച്ച് മഹാമാരിക്കാലത്ത്

ശാസ്ത്രീയ പഠനങ്ങളും തെളിവുകളും??

അസാധാരണമായ അവകാശ വാദങ്ങള്‍ക്ക് അതിശക്തമായ തെളിവുകള്‍ വേണമെന്നാണ് പൊതുവിലെ ആപ്തവാക്യം. എന്നാല്‍ വളരെ വലിയ അവകാശവാദങ്ങള്‍ക്കു വിചിത്രവും ദുര്‍ബലവുമായ തെളിവും വ്യക്തി അനുഭവങ്ങളും സാക്ഷ്യങ്ങളും ആണ് ഇദ്ദേഹം മുന്നോട്ടു വെക്കുന്നത്.

വ്യക്തിസാക്ഷ്യങ്ങള്‍ക്ക് തെളിവിന്റെ പിരമിഡില്‍ നേരിയ പ്രസക്തിയെ ഉള്ളൂ. സുതാര്യവും വസ്തുനിഷ്ടവുമായ ശാസ്ത്രീയ രീതിയിലെ പഠനങ്ങളില്‍ ഉരുത്തിരിയുന്ന കണ്ടെത്തലുകള്‍ക്കാണ് പ്രാധാന്യം. (വിസ്താരഭയം കൊണ്ട് ഇദ്ദേഹം പറഞ്ഞിരിക്കുന്ന വ്യക്തി സാക്ഷ്യങ്ങള്‍ വിശകലനം ചെയ്യുന്നില്ല)

പുതിയ കണ്ടെത്തലുകള്‍ ഉണ്ടായാല്‍ ശരിയായ പഠനം നടത്തി ശാസ്ത്രജേണലുകളിലേക്കു അയക്കുകയും, മെച്ചപ്പെട്ടത് പ്രസിദ്ധീകരിക്കുകയും, ശാസ്ത്രസമൂഹത്തിനുള്ളില്‍ വിമര്‍ശനാത്മകമായി വിശകലനം ചെയ്യപ്പെടുകയുമാണുണ്ടാവുക.

പത്രവാര്‍ത്തയല്ലാ ആദ്യം വരിക. പത്രവാര്‍ത്തയിലൊ പത്രസമ്മേളനത്തിലോ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്, കപട ശാസ്ത്രത്തിന്റെ മുഖമുദ്രയാണ്.

സമൂഹനന്മയ്ക്കായി പച്ചവെള്ളത്തില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കാമെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ അവകാശവാദം ഉന്നയിച്ച രാമര്‍ ഇപ്പോള്‍ തട്ടിപ്പിന്റെ പേരില്‍ ജയിലിലാണ്.

ഇദ്ദേഹം അയച്ചപോലെ ഏതെങ്കിലും വിഷയത്തില്‍ ആര് ICMR-ന് കത്തുകള്‍ അയച്ചാലും ‘താങ്കളുടെ നിരീക്ഷണത്തെ അങ്ങേയറ്റം മാനിക്കുന്നു. കൂടുതല്‍ പഠനം നടത്തി ശാസ്ത്രീയമായ തെളിവുമായി വരൂ’ എന്നവര്‍ മറുപടി അയക്കും. അതാണ് ഇവിടെയും സംഭവിച്ചതെന്ന് വേണം അനുമാനിക്കാന്‍.

അതൊക്കെ അംഗീകാരമായി ചിത്രീകരിച്ചാല്‍, ഇതുപോലെ ഒരു പ്രമുഖ മാധ്യമം അതിന് കൂട്ടു നിന്നാല്‍, അത് സമൂഹനന്മ ആവും എന്ന് കരുതാന്‍ പ്രയാസമുണ്ട്.

ഈ യുക്തി പ്രയോഗിച്ചാല്‍ മറുചോദ്യം, കോവിഡ് രോഗബാധയില്‍ ലോകത്തു ഒന്നാം സ്ഥാനത്ത് ഇന്ത്യ എത്തുന്ന ഈ ദുരവസ്ഥയില്‍ ഇത്രവലിയ ഒരു കണ്ടുപിടുത്തം ആണെന്ന് കരുതുന്ന ഒന്ന് ഈ രാജ്യത്തെയും വിദേശത്തെയും ജനങ്ങള്‍ക്ക് പ്രയോജനപ്രദമായി വിനിയോഗിക്കാന്‍ ദ്രുതഗതിയില്‍ നടപടി എടുക്കാതെ, അഭിനന്ദനം കത്തുവഴി കൊടുത്ത് വിടുക മാത്രമാണോ ഐ സി എം ആര്‍ ചെയ്തത്?! എന്നാണു.

കോവിഡ് ഒരു പുതിയ രോഗമാണ്, പ്രതിസന്ധിഘട്ടത്തെ നേരിടാന്‍ ലഭ്യമായ അറിവുകള്‍ ഉപയോഗിച്ച് നാം തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്, എന്നാല്‍ ശാസ്ത്രീയ ഗവേഷണത്തിലൂടെ കൂടുതല്‍ അറിവുകള്‍ ഉണ്ടാവും തോറും സ്വയം പരിഷ്‌കരിക്കുകയോ കാലഹരണപ്പെട്ടത് തിരസ്‌കരിക്കുകയോ ചെയ്യുന്നതാണ് ശാസ്ത്രീയ രീതി. എന്നാല്‍ ശാസ്ത്രീയ ഗവേഷണം ഒട്ടുമേ ഇല്ലാതെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിക്കുന്നത് സാമൂഹിക തിന്മയാണ് എന്ന് വേണം പറയാന്‍.

സമൂഹ നന്മയും മാധ്യമ ധര്‍മ്മവും.??

വിവാദങ്ങള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നതോടൊപ്പം, വിരുദ്ധാഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യത്തെ അദ്ദേഹം മാനിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ആ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. വിവാദങ്ങള്‍ക്കു മാത്രമല്ല ഒരു ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള തിടുക്കം കൂടിയാണ് അദ്ദേഹവും മാതൃഭൂമിപത്രവും ചെയ്തത്.

‘നിരന്തര പഠനത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും തന്റെ പഠനങ്ങളുടെ മുന്നോട്ടു പോവുക തന്നെ ചെയ്യും’ എന്നും ശ്രീ സുകുമാരന്‍ അവകാശപ്പെടുന്നു.

ചില ലളിതമായ ചോദ്യങ്ങള്‍ക്ക് അദ്ദേഹം അല്ലെങ്കില്‍ മാതൃഭൂമി പൊതു സമൂഹത്തോട് മറുപടി പറയും എന്ന് കരുതുന്നു.

1. മരുന്ന് ഗവേഷണമാണ് അദ്ദേഹം രോഗികളില്‍ നടത്തിയതെങ്കില്‍ അതിന് പ്രോട്ടോക്കോള്‍ തയ്യാറാക്കി എത്തിക്കല്‍ കമ്മിറ്റിയുടെ അനുവാദം വാങ്ങിയിട്ടുണ്ടോ?

2. വിധേയരായവരില്‍ നിന്നും വിവരങ്ങള്‍ വെളിപ്പെടുത്തി രേഖാമൂലം സമ്മതപത്രം വാങ്ങിയിട്ടുണ്ടോ?

3. മരുന്ന് പരീക്ഷണത്തിന് ഐ.സി.എം.ആറിന്റെ ഉള്‍പ്പടെയുള്ള അനുമതി വാങ്ങിയിട്ടുണ്ടോ?

മരുന്ന് ഗവേഷണത്തിന് സുതാര്യതയും, ശാസ്ത്രീയതയും ഉറപ്പു വരുത്താനും, പങ്കെടുക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനും അത്തരം ചട്ടങ്ങളും നിയമങ്ങളും രാജ്യത്തുണ്ട്. ഉദ്‌ഘോഷിക്കുന്നതുപോലെ സമൂഹനന്മ മാത്രമാണ് ശ്രീ സുകുമാരന്റെയും, മാതൃഭൂമിയുടെയും ലക്ഷ്യം എങ്കില്‍ ഇതിനൊക്കെ ഉത്തരം സമൂഹത്തോട് പറഞ്ഞു ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.

ആരെങ്കിലും പറയുന്നത് അച്ചടിച്ച് പ്രചരിപ്പിക്കുക അല്ല മാദ്ധ്യമധര്‍മ്മം എന്ന് കരുതുന്നു.

വ്യക്തിയുടെ അഭിപ്രായത്തിന്റെ കണ്ടന്റ് ഞങ്ങള്‍ നോക്കിയിട്ടല്ല അച്ചടിക്കുന്നത് എന്ന വാദം ദുര്‍ബലമാണ്. ഈ പോസ്റ്റ് ഞങ്ങള്‍ മാതൃഭൂമി എഡിറ്റര്‍ക്കും അയച്ചു കൊടുക്കുന്നു. ഈ വിമര്‍ശനം ഉള്‍പ്പെടെ മാതൃഭൂമി പത്രത്തില്‍ അച്ചടിക്കുമോ എന്ന് കാണാന്‍ കാത്തിരിക്കുന്നു.

മഹാമാരിക്കാലത്ത് അവാസ്തവ സന്ദേശങ്ങള്‍ നിയമപരമായ തെറ്റായിട്ടു കൂടി, അവകാശവാദങ്ങള്‍ക്ക് എതിരെ പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ വിഷയത്തില്‍ വിദഗ്ധരായവരില്‍ നിന്നോ, ആരോഗ്യവകുപ്പില്‍ നിന്നോ പ്രതികരണങ്ങള്‍ കൂടി തേടാതെ, ഏകപക്ഷീയമായി വീണ്ടും ശ്രീ സുകുമാരന്റെ കത്തു ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു കൊണ്ട് മാതൃഭൂമി എന്ത് നന്മയാണ് സമൂഹത്തിനു നല്‍കുന്നത് എന്ന് ജനങ്ങളോട് പറയണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

എഴുതിയത് : ഡോ ദീപു സദാശിവന്‍ & ഡോ: മനോജ് വെള്ളനാട്

കടപ്പാട്- ഇന്‍ഫോക്ലിനിക്ക്

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid 19 Glucose Nose Mathrubhumi