മൊബൈല്‍ ഉപയോഗിച്ചതിന് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ പെണ്‍കുട്ടിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്; ഇന്റര്‍നെറ്റ് ഉപയോഗം മൗലികാവകാശത്തിന്റെ ഭാഗമെന്നും കോടതി
Details Story
മൊബൈല്‍ ഉപയോഗിച്ചതിന് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ പെണ്‍കുട്ടിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്; ഇന്റര്‍നെറ്റ് ഉപയോഗം മൗലികാവകാശത്തിന്റെ ഭാഗമെന്നും കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2019, 3:51 pm

കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൊബൈല്‍ നിയന്ത്രണം ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഫഹീമ ഷിറിനാണ് മൊബൈല്‍ നിയന്ത്രണത്തിനെതിരെ കോടതിയെ സമീപിച്ചത്.

മൊബൈല്‍ ഫോണ്‍ ഉപയോഗം ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഭാഗമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുകയെന്ന അവകാശത്തിനുമേല്‍ ആര്‍ക്കും തടയിടാന്‍ കഴിയില്ല. ഇത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമാണ്. മൗലികാവകാശത്തിന്റെ ഭാഗമായിട്ട് ഇതുവരുമെന്നു പറഞ്ഞാണ് കോടതി പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനായ അഡ്വ. ലഗിത് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ജസ്റ്റിസ് പി.വി ആശയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) എയ്ക്കു കീഴില്‍ വരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ് മൊബൈല്‍ നിയന്ത്രണമെന്ന് ആരോപിച്ചായിരുന്നു ഹരജി. വിദ്യാര്‍ഥികള്‍ക്ക് അറിവുനേടാനും സ്വയം പ്രകടിപ്പിക്കാനുമുള്ള നല്ലൊരു വഴിയാണ് മൊബൈല്‍ വഴിയും ലാപ്‌ടോപ്പ് വഴിയും ഉപയോഗിക്കാന്‍ കഴിയുന്ന ഇന്റര്‍നെറ്റെന്ന ഹരജിക്കാരിയുടെ വാദവും കോടതി അംഗീകരിച്ചു.

ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം മനുഷ്യാവകാശമാണെന്ന് 2016ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാര്യവും ഹരജിക്കാരിയുടെ അഭിഭാഷകന്‍ അഡ്വ. ലഗിത് ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച അവകാശങ്ങള്‍ ഇന്ത്യന്‍ നിയമത്തിന്റെ ഭാഗമായി വായിക്കാമെന്ന് സുപ്രീം കോടതിയുടെ വിശാഖ വിധിന്യായം ചൂണ്ടിക്കാട്ടിക്കൊണ്ട് ജസ്റ്റിസ് ആശ പറഞ്ഞു.

ഇന്റര്‍നെറ്റിനുള്ള അവകാശവും മനുഷ്യാവകാശമായാണ് കേരള സര്‍ക്കാര്‍ കാണുന്നതെന്നും അത് എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നടപടികളെടുക്കുമെന്നും 2017ല്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി.

ഒരുകാലത്ത് ആഢംബരമായി കണക്കാക്കിയിരുന്ന മൊബൈല്‍ ഫോണ്‍ ഇന്ന് മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഒഴിച്ചുനിര്‍ത്താനാവാത്ത ഭാഗമായി മാറിയെന്നും കോടതി നിരീക്ഷിച്ചു.

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിയന്ത്രണം ഇല്ല എന്നതിനാല്‍ മൊബൈല്‍ നിയന്ത്രണം ലിംഗവിവേചനത്തിന്റെ പരിധിയില്‍ വരുമെന്നും വിദ്യാര്‍ഥിനി കോടതിയെ അറിയിച്ചിരുന്നു.

വിദ്യാര്‍ഥികളുടെ അച്ചടക്കവും തടസമില്ലാത്ത പഠനവും ഉറപ്പുവരുത്താന്‍ വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നായിരുന്നു ഹോസ്റ്റല്‍ അധികൃതരുടെ വാദം. എന്നാല്‍ ഇതിനെ എതിര്‍ക്കാന്‍ 2015ലെ യു.ജി.സി നിയന്ത്രണത്തിന്റെ ക്ലോസ് 3.2(13) ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു. ‘ പെണ്‍കുട്ടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഹോസ്റ്റലുകളില്‍ പുരുഷ വിദ്യാര്‍ഥികളെ അപേക്ഷിച്ച് സ്ത്രീ വിദ്യാര്‍ഥികള്‍ക്കെതിരെ വിവേചനപരമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്’ എന്നാണ് ഈ ക്ലോസില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വൈകുന്നേരം ആറുമുതല്‍ രാത്രി പത്തുമണിവരെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നായിരുന്നു ചേളന്നൂര്‍ എസ്.എന്‍ കോളജ് മാനേജ്മെന്റിന്റെ നിര്‍ദേശം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പക്ഷം ഹോസ്റ്റലില്‍ നിന്ന് മാറണമെന്ന് പെണ്‍കുട്ടിക്ക് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭയം മാറേണ്ടതുണ്ടെന്നും അതിനുവേണ്ടിയായിരുന്നു തന്റെ ശ്രമമെന്ന് വിധിയോട് പ്രതികരിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ പിതാവ് ഹക്‌സര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗിക്കാന്‍ കുട്ടികളെ പാകപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.

‘നമ്മുടെ മുന്‍തലമുറയിലുള്ളവര്‍ ഏതെങ്കിലും സമയത്ത് കുട്ടികളെ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടോ. അല്ലെങ്കില്‍ നമ്മുടെ തലമുറ തന്നെ ഇതിനെ എങ്ങനെ ഉപയോഗിക്കാമെന്നുള്ളതിനെക്കുറിച്ച് എത്ര ആലോചിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണിനെ ഏറ്റവും ഗുണപ്രദമായ ഒരു ഉപകരണം എന്ന രീതിയില്‍ തിരിച്ചറിഞ്ഞ് അതിന്റെ ഉപയോഗങ്ങളെക്കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം ഉണ്ടാവുന്ന തരത്തില്‍ ഇതിനെ സമീപിക്കേണ്ട കാലം കടന്നുപോയിരിക്കുന്നു. ആ സമയത്താണ് നമ്മള്‍ ഇത്രയും പഴഞ്ചനായിട്ടുള്ള ആശയങ്ങള്‍ വെച്ചിട്ട് നിലപാടുകള്‍ എടുക്കുന്നത്. ആ നിലപാട് പൂര്‍ണമായിട്ടും തെറ്റാണ്. ഇനിയെങ്കിലും നമ്മള്‍ തിരുത്താന്‍ തയ്യാറാവണം. അതിന്റെ നല്ല ലക്ഷണങ്ങളിലൊന്നായിട്ട് ഞാന്‍ കണ്ടത് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകങ്ങളില്‍ ക്യു ആര്‍ കോഡ് ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള ചില നടപടികളുമായിട്ട് മുന്നോട്ടുപോയിട്ടുണ്ട്.’ ഹക്‌സര്‍ പറയുന്നു.