Kerala News
'നിങ്ങളെല്ലാവരും എന്താ നോക്കിനില്‍ക്കുന്നത്?'; ആള്‍ക്കൂട്ടത്തിനു മുന്നില്‍വെച്ച് വയനാട്ടില്‍ സ്ത്രീക്കും ഭര്‍ത്താവിനും ക്രൂരമര്‍ദ്ദനം- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 23, 03:38 am
Tuesday, 23rd July 2019, 9:08 am

വയനാട്: തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് വയനാട് അമ്പലവയലില്‍ നടുറോഡില്‍ വെച്ച് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്.

മര്‍ദിച്ചത് അമ്പലവയല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജീവാനന്ദ് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടു. സംഭവം നടന്നത് പൊലീസ് സ്റ്റേഷനു തൊട്ടടുത്താണെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാനാകാത്ത സ്ഥിതിയാണുള്ളത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

മര്‍ദ്ദനകാരണം വ്യക്തമല്ല. രാത്രിയാണു സംഭവം നടന്നത്. ആദ്യം യുവാവിനെ റോഡുവക്കില്‍ ആളുകള്‍ കാണ്‍കെ ജീവാനന്ദ് മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് യുവാവ് റോഡില്‍ വീഴുകയും ജീവാനന്ദ് വീണ്ടും മര്‍ദിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഭാര്യയോട് ‘നിനക്കും വേണോ’ എന്നു ചോദിച്ചശേഷം മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു.

തുടര്‍ന്ന് ജീവാനന്ദിനോടു യുവതി ദേഷ്യപ്പെട്ടതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. സംഭവം കണ്ടുനിന്ന ആളുകളിലൊരാളാണ് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയത്. ഇയാള്‍ പോയശേഷം അവിടെ കൂടിനിന്ന ആളുകളോടു യുവതി ‘നിങ്ങളെല്ലാവരും എന്താ നോക്കിനില്‍ക്കുന്നത’ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ ആരും പ്രതികരിച്ചില്ല.