national news
വധു ദളിതയെന്ന് അറിഞ്ഞത് അഞ്ച് വര്‍ഷം കഴിഞ്ഞ്; കര്‍ണാടകയില്‍ കുടുംബത്തിന് ആറ് ലക്ഷം രൂപ പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 05, 11:58 am
Sunday, 5th March 2023, 5:28 pm

ബെംഗളൂരു: കര്‍ണാടകയില്‍ മിശ്ര വിവാഹം ചെയ്തതിന് ദമ്പതികളില്‍ നിന്നും ആറ് ലക്ഷം രൂപ പിഴ ഈടാക്കി ഗ്രാമപ്രമുഖര്‍. കര്‍ണാടകയിലെ ചാമരാജനഗറിലാണ് സംഭവം. ഇവരെ ഗ്രാമത്തില്‍ നിന്നും ബഹിഷ്‌ക്കരിച്ചതായും സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. എന്നാല്‍ രണ്ട് പേരും ഒരേ ജാതിയില്‍പ്പെട്ടവരല്ലെന്ന് അടുത്തിടെയാണ് ഗ്രാമവാസികള്‍ മനസിലാക്കിയത്. ഇതോടെ ഗ്രാമത്തില്‍ നിന്നും ഇവരെ ബഹിഷ്‌ക്കരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ ദമ്പതികള്‍ കൊല്ലേഗല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മാണ്ഡ്യ വിഭാഗത്തില്‍പ്പെട്ട ശ്വേത എന്ന യുവതിയും, ഉപ്പാര ഷെട്ടി വിഭാഗത്തില്‍പ്പെട്ട ഗോവിന്ദരാജുവും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരാകുന്നത്. ഇരുവരും വീട്ടില്‍ വിവരമറിയിക്കുകയും കുടുംബത്തിന്റെ സമ്മതത്തോടെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വിവാഹിതരാകുകയുമായിരുന്നു. ഇരുവരും പിന്നീട് മാലവല്ലി എന്ന പ്രദേശത്തേക്ക് താമസം മാറിയിരുന്നു.

ഇതിനിടെ ഗോവിന്ദരാജുവിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ അടുത്തിടെ ചാമരാജനഗറിലെ കൊല്ലേഗലില്‍ ദമ്പതികള്‍ എത്തിയിരുന്നു. ഇതിനിടെ അയല്‍വാസിയായ സ്ത്രീയോട് താന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് ശ്വേത പറഞ്ഞിരുന്നു. ഇതോടെയാണ് ഗ്രാമത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

സംഭവമറിഞ്ഞ ഗ്രാമപ്രമുഖര്‍ ഫെബ്രുവരി 23 ന് പ്രദേശത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടേയും മാതാപിതാക്കളെ വിളിച്ചുവരുത്തുകയും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇതിന് പിന്നാലെയാണ് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ പിഴ ആറ് ലക്ഷം രൂപയാക്കി ഉയര്‍ത്തുകയായിരുന്നു. ഒപ്പം ഗോവിന്ദരാജുവിന്റെ കുടുംബത്തെ ഗ്രാമത്തില്‍ നിന്ന് ബഹിഷ്‌കരിക്കുകയായിരുന്നുവെന്ന് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തിന് സാധനങ്ങള്‍ വില്‍ക്കരുതെന്നും റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കരുതെന്നുമാണ് ഗ്രാമപ്രമുഖരുടെ നിര്‍ദ്ദേശം.

Content Highlight: couple boycotted after knowing wife belongs to dalit