ന്യൂദല്‍ഹി: ലോകത്തെ മിക്ക രാജ്യങ്ങളിലും മരണവും ഭയവും വിതച്ച കൊവിഡ് 19 എന്ന ആഗോള മഹാമാരിയെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ദുരനുഭവമെന്നാണ് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്. ലോകത്ത് ഇരുപത് ലക്ഷത്തിലധികം ആളുകള്‍ രോഗികളായി തുടരുകയാണ്. ഒന്നരലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തമെന്ന് കൊറോണയെ വിശേഷിപ്പിക്കുന്നത് തന്നെ.
എന്നാല്‍, മനുഷ്യന്‍ നേരിടാന്‍ പോവുന്ന ഏറ്റവും വലിയ ദുരന്തം കൊറോണയൊന്നുമല്ലെന്നാണ് ലോക പ്രശസ്ത വൈറോളജിസ്റ്റായ ഡോ ഇയാന്‍ ലിപ്കിന്‍ പറയുന്നത്. ഇതിനേരക്കാള്‍ വലിയ മഹാമാരി വരാനിരിക്കുന്നതേയൊള്ളു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
മനുഷ്യരുടെ ചില ഇടപെടലുകള്‍ കാരണം ലോകത്തെ ആരോഗ്യ പ്രതിസന്ധി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഭാവിയില്‍ ഇതിലും രൂക്ഷമാകുമെന്നും അദ്ദേഹം ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘വനനശീകരണം, ജനസംഖ്യാ വര്‍ധനവ്, അന്തര്‍ദേശീയ വ്യവസായ-യാത്രാ-കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം ആരോഗ്യ രംഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്്’, അദ്ദേഹം പറഞ്ഞു.