കൊവിഡിന്റെ സ്‌പെല്ലിംഗ് മാറ്റിയെഴുതി വാതിലില്‍ തൂക്കിയാല്‍ വൈറസ് വരില്ലെന്ന് ആന്ധ്രാ സ്വദേശി; ഇങ്ങനെ ചിരിപ്പിക്കല്ലേയെന്ന് സോഷ്യല്‍ മീഡിയ
national news
കൊവിഡിന്റെ സ്‌പെല്ലിംഗ് മാറ്റിയെഴുതി വാതിലില്‍ തൂക്കിയാല്‍ വൈറസ് വരില്ലെന്ന് ആന്ധ്രാ സ്വദേശി; ഇങ്ങനെ ചിരിപ്പിക്കല്ലേയെന്ന് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th May 2021, 8:05 pm

ഹൈദരാബാദ്: കൊവിഡിന്റെ ഭീതി ലോകത്തെയൊന്നാകെ ആശങ്കയിലാഴ്ത്തിയിരിക്കുമ്പോള്‍ രോഗമില്ലാതാക്കാന്‍ വിചിത്ര വഴിയുമായി ആന്ധ്രാ സ്വദേശി രംഗത്ത്.

കൊവിഡിന്റെയും കൊറോണയുടെയും സ്‌പെല്ലിംഗില്‍ മാറ്റം വരുത്തിയാല്‍ വൈറസിനെ ഭൂമുഖത്ത് നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഇയാളുടെ അവകാശവാദം. ആന്ധ്രാപ്രദേശിലെ അനന്തപുരം സ്വദേശി ആനന്ദ് റാവുവാണ് ഈ വിചിത്രവാദവുമായി രംഗത്തെത്തിയത്.

ഇത് പറയുക മാത്രമല്ല ആനന്ദ് റാവു ചെയ്തത്. ഈ വാദങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പരസ്യം തയ്യാറാക്കിയ റാവു അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

‘CARONAA, COVVIYD^19 എന്ന രീതിയില്‍ എഴുതി വീടിന്റെ വാതിലിലോ, പൊതുസ്ഥലങ്ങളിലെ ബാനറായോ തൂക്കിയാല്‍ കൊറോണ ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതാകുമെന്നാണ് റാവുവിന്റെ വാദം.

സംഖ്യാജ്യോതിഷം അനുസരിച്ച് ഇത് ദിവ്യശക്തിയായതിനാല്‍ വൈറസ് ഇല്ലാതാകുമെന്നും പരസ്യത്തില്‍ ഇയാള്‍ പറയുന്നുണ്ട്.

പരസ്യം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. പേര് തെറ്റായി വായിക്കുമ്പോള്‍ അസ്തിത്വ പ്രശ്‌നം വന്ന് കൊറോണ പിണങ്ങിപ്പോകുമെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

ബാനര്‍ കണ്ട് ചിരി അടക്കാനാകുന്നില്ലെന്നും ഈ സമയത്തും എങ്ങനെ നിങ്ങള്‍ക്ക് ഇത്ര നന്നായി തമാശ പറയാന്‍ സാധിക്കുന്നുവെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.