കൊച്ചി: കവിയും നാടകകൃത്തും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന പണ്ഡിറ്റ് കറുപ്പന്‍ അവാര്‍ഡ് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിക്ക് നല്‍കുന്നത് സംബന്ധിച്ച് വിവാദം. ജീവിതകാലം മുഴുവന്‍ ജാതിവിരുദ്ധ- സവര്‍ണ വിരുദ്ധ പോരാട്ടം നടത്തിയ അധസ്ഥിത ജനതയുടെ പോരാളിയായ പണ്ഡിറ്റ് കറുപ്പനെ അപമാനിക്കുന്നതിന് തുല്യമാണ് സംഘപരിവാര്‍ അനുകൂലിയായ സുരേഷ് ഗോപിക്ക് ഈ അവാര്‍ഡ് നല്‍കുന്നതെന്നാണ് വിമര്‍ശനമുയര്‍ത്തുന്നവര്‍ പറയുന്നത്.
അടുത്ത ജന്മം ബ്രാഹ്മണകുലത്തില്‍ ജനിക്കാന്‍ ആഗ്രഹമുണ്ടെന്നടക്കമുള്ള സുരേഷ് ഗോപിയുടെ മുന്‍ പ്രസ്താവനകള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. ഇത്തരത്തില്‍ ജാതിവെറി മനസില്‍കൊണ്ടുനടക്കുന്ന ഒരാള്‍ക്ക് ഈ അവാര്‍ഡ് കൊടുത്തത് പണ്ഡിറ്റ് കറുപ്പനോട് കാണിച്ച വലിയ തെറ്റായിപ്പോയിയെന്നാണ് ഒരു കമന്റ്.
അവാര്‍ഡ് നല്‍കുന്ന ‘പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി ‘ എന്ന സംഘടനക്ക് കറുപ്പന്റെ ചരിത്രത്തെ സംബന്ധിച്ച് എന്തറിവാണുള്ളതെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
പണ്ഡിറ്റ് കറുപ്പന്റെ ജന്മദിനത്തോട് അനുബന്ധിച്ച് മെയ് 28ന് കലൂര്‍ പാവക്കുളം ക്ഷേത്ര ഹാളില്‍ ചേരുന്ന യോഗത്തില്‍ ഇടത് സഹയാത്രികനായ എം.കെ. സാനുവാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്. ഇതിനെതിരെയും വിമര്‍ശനമുണ്ട്.
പുരോഗമന നിലപാടുകള്‍ക്കൊപ്പം ചേര്‍ന്ന് നടന്ന സാനുവിനെ പോലൊയൊരാള്‍ക്ക് എങ്ങിനെയാണ് ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിയുകയെന്നും വിമര്‍ശനമുയരുന്നുണ്ട്.