കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ പി.ജി. സിലബസില്‍ നിന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങള്‍ ഭാഗികമായി നീക്കും. വിദഗ്ദ സമിതിയാണ് വിവാദ സിലബസില്‍ നിന്നും ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ ലേഖങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചത്.
കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസ് സമഗ്രമല്ലെന്നാണ് രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട്. സിലബസില്‍ നിന്നും ദീന്‍ദയാല്‍ ഉപാധ്യായയേയും, ബല്‍രാജ് മഡോക്കിനെയും ഒഴിവാക്കണമെന്ന ശുപാര്‍ശയാണ് സമിതി മുന്നോട്ട് വയ്ക്കുന്നത്. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രത്യേകമായി പഠിപ്പിക്കണം. ഇസ്‌ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ് ധാരകള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്.
ഇന്ത്യയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലേഖനങ്ങളുടെ തലക്കെട്ട് മാറുമെന്നും സിലബസില്‍ മഹാത്മാഗാന്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിന്‍മേലുള്ള അക്കാദമിക് കൗണ്‍സില്‍ യോഗം സര്‍വകലാശാലയില്‍ തുടരുകയാണ്.
കണ്ണൂര്‍ സര്‍വ്വകലാശാല പി.ജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്റര്‍ സിലബസായിരുന്നു നേരത്തെ വിവാദത്തിലായത്. ആര്‍.എസ്.എസ് നേതാക്കളായ സവര്‍ക്കറുടെ ഹു ഇസ് ഹിന്ദു, ഗോള്‍വാള്‍ക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്‌സ് എന്നീ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ആര്‍.എസ്.എസ് സൈദ്ധന്തികരുടെ ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.