കേരളത്തിലെ ചില പ്രത്യേക മാധ്യമ മേധാവികളുടെ വിവാദ യോഗം; രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കൂര്‍
Kerala News
കേരളത്തിലെ ചില പ്രത്യേക മാധ്യമ മേധാവികളുടെ വിവാദ യോഗം; രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th August 2022, 7:53 am

ന്യൂദല്‍ഹി: ഇടത്, കോണ്‍ഗ്രസ്, മുസ്ലിം സംഘടനകളുടെ മാധ്യമങ്ങളെ ഒഴിവാക്കി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ വിളിച്ചുചേര്‍ത്ത മീഡിയാ നടത്തിപ്പുകാരുടെ യോഗത്തില്‍ തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മന്ത്രി. രാജ്യസഭയിലാണ് ഠാക്കൂര്‍ പരസ്യമായി മാപ്പ് പറഞ്ഞത്.

കൈരളി ടി.വിയുടെ ചീഫ് എഡിറ്റര്‍ ആന്‍ഡ് എം.ഡി എന്നതിനൊപ്പം ഐ.ടി ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയാണ് ജോണ്‍ ബ്രിട്ടാസ് എം.പി. ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെ പ്രധാനപ്പെട്ട സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷനില്‍(IBDF) ബോര്‍ഡ് അംഗവുമാണ്. ഇത്തരമൊരു കൂടിക്കാഴ്ചയില്‍ തന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ചായിരുന്നു ജോണ്‍ ബ്രിട്ടാസ് എം.പി മന്ത്രിയോട് ചോദിച്ചത്.

ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രി ജോണ്‍ ബ്രിട്ടാസ് എം.പിയോട് സഭയില്‍ പരസ്യമായി മാപ്പ് പറഞ്ഞത്. ഒരു മാധ്യമ സ്ഥാപനത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു എന്നും തുടര്‍ന്ന് മറ്റ് പരിപാടികളുടെ ആധിക്യം മൂലമാണ് താങ്കളെ കാണാന്‍ കഴിയാതിരുന്നത് എന്നുമാണ് മന്ത്രി ക്ഷമാപണത്തോടെ മറുപടി നല്‍കിയത്. എന്നാല്‍ ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയത് സംബന്ധിച്ച് വ്യക്തമായ മറുപടി കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ നല്‍കിയതുമില്ല.

മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കേന്ദ്രമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചത്. ബി.ജെ.പി അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയില്‍ നിന്ന് ഒഴിവാക്കി എന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു.

മാതൃഭുമി, 24 ന്യൂസ്, ഏഷ്യാനെറ്റ്, കേരള കൗമുദി, ദീപിക, മംഗളം, മെട്രോ വാര്‍ത്ത, ന്യൂസ് 18, ജന്മഭൂമി, അമൃത ടി.വി, മനോരമ തുടങ്ങിയ ചാനലുകള്‍ക്ക് മാത്രമാണ് കേന്ദ്രമന്ത്രിയുടെ യോഗത്തില്‍ ക്ഷണമുണ്ടായിരുന്നത്. ഇടതുപക്ഷ മാധ്യമങ്ങളെയും വലതുവിരുദ്ധ മീഡിയകളെയും മുസ്‌ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴുവാക്കിയതായായിരുന്നു ആരോപണം.