ലോകത്തെ ഭിന്നിപ്പിച്ച് കീഴടക്കാന്‍ പശ്ചാത്യര്‍ മതവിദ്വേഷം ഉപയോഗിക്കുന്നു: പുടിന്‍
World News
ലോകത്തെ ഭിന്നിപ്പിച്ച് കീഴടക്കാന്‍ പശ്ചാത്യര്‍ മതവിദ്വേഷം ഉപയോഗിക്കുന്നു: പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2023, 9:33 am

 

മോസ്‌കോ: ലോകത്തെ ‘ഭിന്നിപ്പിച്ച് കീഴടക്കാനും’ കോളനിവത്കരണത്തിനും ആധിപത്യത്തിനും സമാനമായ ഒരു ലോകക്രമം കെട്ടിപ്പടുക്കാനുമായി പശ്ചാത്യര്‍ മതവിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്തുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍.

ക്രെമ്‌ലിനില്‍ റഷ്യയിലെ മതനേതാക്കളുമായുള്ള കൂടികാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷത്തെ അഭിസംബോധന ചെയ്ത അദ്ദേഹം ഇസ്ലാമോഫോബിയ, യഹൂദവിരുദ്ധത, റസ്റ്റോഫോബിയ എന്നിവ പാശ്ചാത്യര്‍ ബഹുധ്രുവ ലോകത്തിനെതിരായ ആയുധമാക്കുകയാണെന്നും മൂന്നറിയിപ്പ് നല്‍കി.

‘ബഹുധ്രുവ ലോകം ശക്തിപ്രാപിച്ച് വളരുന്നത് എങ്ങനെയാണെന്ന് പാശ്ചാത്യര്‍ നോക്കുകയാണ്. സ്വതന്ത്ര പരമാധികാര രാജ്യങ്ങളുടെ വികസനം തടയാനും ലോക ഭൂരിപക്ഷത്തെ വിഭജിക്കാനും അവര്‍ ഒരേ മാര്‍ഗങ്ങള്‍ ഉപയോഗിക്കന്നു. ‘അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും പകര്‍ച്ചവ്യാധി പശ്ചിമേഷ്യയെ മാത്രമല്ല യുറേഷ്യയെയും വിഴുങ്ങാന്‍ ഈ ശക്തികള്‍ ആഗ്രഹിക്കുന്നു,’ പുടിന്‍ പറഞ്ഞു.

‘അവിശ്വാസികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അഹ്വാനം ചെയ്ത് മുസ്ലിങ്ങളെ ജൂതന്‍മാര്‍ക്കെതിരെ രംഗത്തിറക്കുകയാണ് അവര്‍. സമാനമായി ഷിയകളെ സുന്നികള്‍ക്കെതിരായും ഒര്‍ത്തഡോക്‌സിനെ കാത്തോലിക്കര്‍ക്കെതിരായും രംഗത്തിറക്കുന്നു. യൂറോപ്പിലെ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള മത നിന്ദക്കും നശീകരണത്തിനും നേരെ അവര്‍ കണ്ണടയ്ക്കുന്നു. പല രാജ്യങ്ങളിലെയും, കൂട്ടക്കുരുതിയുടെ രക്തംപുരണ്ട നാസികളെയും യഹൂദവിരുദ്ധരെയും അവര്‍ പരസ്യമായി മഹത്വവത്കരിക്കുന്നു. ഉക്രൈനില്‍ കനോനിക്കല്‍ ഓര്‍ത്തഡോക്‌സ് സഭയെ നിരോധിച്ച് സഭാ ഭിന്നത വര്‍ദ്ധിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത് ,’ പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ലോകത്തെ അസ്ഥിരമാക്കുകയും, സംസ്‌കാരങ്ങള്‍,
ജനങ്ങള്‍, ലോകമതങ്ങള്‍ എന്നിവയെ ഭിന്നിപ്പിക്കുകയും നാഗരികതകള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയുമാണ്.

ഇപ്പോഴവര്‍ പുതിയ ഒരു ലോകക്രമത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അതിന്റെ അടിസ്ഥാനം ഇപ്പോഴും മാറിയിട്ടില്ല. കാപട്യങ്ങള്‍, ഇരട്ടത്താപ്പ്, ആഗോളാധിപത്യം എന്നിവയിലൂടെ നിയോകൊളോണിയലിസം നിലനിര്‍ത്തലാണ് അതിന്റെ ലക്ഷ്യം.

content highlight: West using relegious hatred to destablize world Putin