national news
കോണ്‍ഗ്രസ് ഇടഞ്ഞുതന്നെ; ശിവസേന-കോണ്‍ഗ്രസ് പോര് മുറുകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 29, 02:46 am
Tuesday, 29th December 2020, 8:16 am

മുംബൈ: കോണ്‍ഗ്രസ്- ശിവസേന തര്‍ക്കം മുറുകുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് മുഖപ്രസംഗം വന്നതിന് പിന്നാലെയാണ് പാര്‍ട്ടികള്‍ക്കിടയില്‍ അസ്വാരസ്യം തുടങ്ങിയത്. രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും ശിവസേന വിമര്‍ശിച്ച നടപടി കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ ശിവസേനയ്‌ക്കെതിരെ മഹാരാഷ്ട്രാ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ മാത്രമാണ് ശിവസേനയുമായി സഖ്യമുള്ളതെന്ന് മറക്കരുതെന്നായിരുന്നു ചവാന്റെ താക്കീത്.

ശിവസേന ഒരു പ്രാദേശിക പാര്‍ട്ടിയാണെന്നും ദേശീയതലത്തില്‍ സേനയുമായി ഒരു സഖ്യവും കോണ്‍ഗ്രസിനില്ലെന്നും അശോക് ചവാന്‍ പറഞ്ഞിരുന്നു.

”ശിവസേനയുമായുള്ള ഞങ്ങളുടെ സഖ്യം മഹാരാഷ്ട്രയില്‍ മാത്രമായി പരിമിതപ്പെടുന്നതാണ്. അതിനാല്‍ കോണ്‍ഗ്രസ് എന്തുചെയ്യണം ചെയ്യരുതെന്ന് അവര്‍ അഭിപ്രായപ്പെടേണ്ടതില്ല. സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ട്, ”ചവാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മോശമായ പരാമര്‍ശം സഹിക്കില്ലെന്നാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവായ നാസിം ഖാന്‍ പറഞ്ഞിരിക്കുന്നത്. സോണിയ ഗാന്ധി യു.പി.എയുടെ അധ്യക്ഷയായി ഭാവിയിലും തുടരുമെന്നും നാസീം ഖാന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എയെ എന്‍.ജി.ഒ എന്ന് സഞ്ജയ് റാവത്ത് നേരത്തെ വിളിച്ചിരുന്നു. സോണിയ ഗാഡിക്ക് പകരം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ യു.പി.എ അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി സ്വന്തം നിലയ്ക്കു പോരാടുന്നുണ്ടെങ്കിലും പോരായ്മകളുണ്ടെന്നും കര്‍ഷക പ്രക്ഷോഭത്തില്‍ പോലും സര്‍ക്കാരിനുമേല്‍ സമ്മര്‍ദം സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്നും ശിവസേന പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Congress warns Shiv Sena against criticising Sonia Gandhi, Rahul