ഷൂട്ടിംഗ് തടഞ്ഞുള്ള സമരം വേണ്ട; യൂത്ത് കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ്
Kerala News
ഷൂട്ടിംഗ് തടഞ്ഞുള്ള സമരം വേണ്ട; യൂത്ത് കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th November 2021, 6:03 pm

തിരുവനന്തപുരം: വഴി തടസപ്പെടുത്തിയുള്ള സിനിമ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ്. സമരം പിന്‍വലിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്ന് കെ.പി.സി.സി യോഗത്തില്‍ തീരുമാനമായി.

സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.

നേരത്തെ വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിംഗ് എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫിസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള ചിത്രീകരണം അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചത്.


‘ലൊക്കേഷനുകളില്‍ ഗുണ്ടകളെ അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നത്. ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താല്‍ മര്‍ദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ട്,’ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞത്.

ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കടുവ, കീടം എന്നീ സിനിമകളുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. റോഡ് കൈയ്യേറിയുള്ള ഷൂട്ടിംഗ്, സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.

എറണാകുളം പുത്തന്‍കുരിശ് പള്ളിക്ക് സമീപമുള്ള ഗസ്റ്റ് ഹൗസിലായിരുന്നു ശ്രീനിവാസന്‍ നായകനായ സിനിമയുടെ ചിത്രീകരണം. ഇവിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്.

കഴിഞ്ഞ ദിവസം പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമയുടെ സെറ്റിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress to Youth Congress Film Shooting