ബീഹാറില്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകനെ കളത്തിലിറക്കി കോണ്‍ഗ്രസ് ; ബി.ജെ.പി കോട്ട തകര്‍ക്കുക ലക്ഷ്യമോ?
national news
ബീഹാറില്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകനെ കളത്തിലിറക്കി കോണ്‍ഗ്രസ് ; ബി.ജെ.പി കോട്ട തകര്‍ക്കുക ലക്ഷ്യമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th October 2020, 6:07 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത് ലവ് സിന്‍ഹയെന്ന് റിപ്പോര്‍ട്ട്. മുന്‍ ലോക്‌സഭാംഗം ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകനാണ് ലവ് സിന്‍ഹ. ഡെക്കാണ്‍ ഹെറാള്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പട്‌നയിലെ ബങ്കിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക ലവ് സിന്‍ഹ ആയിരിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് സിന്‍ഹയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

2009 ല്‍ ഡിലിമിറ്റേഷന് ശേഷം നിലവില്‍ വന്ന നിയോജക മണ്ഡലമാണ് ബങ്കിപ്പൂര്‍. കഴിഞ്ഞ ഒരു ദശാബ്ദമായി ബി.ജെ.പിയ്ക്ക് ആധിപത്യമുള്ള നിയോജമണ്ഡലം കൂടിയാണ് ബങ്കിപ്പൂര്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി നിതിന്‍ നവീനാണ് ലവ് സിന്‍ഹയുടെ എതിരാളി.

അതേസമയം രാഷ്ട്രീയത്തില്‍ കാര്യമായ മുന്‍പരിചയങ്ങളില്ലാത്ത വ്യക്തിയാണ് ലവ് സിന്‍ഹ. അഭിനയത്തില്‍ ഒരു കൈ നോക്കിയശേഷമാണ് ലവ്‌ന്റെ രാഷ്ട്രീയ പ്രവേശനം.

സാദിയാന്‍ എന്ന ബോളിവുഡില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു. പിന്നീട് ജെ.പി ദത്ത സംവിധാനം ചെയ്ത പാല്‍ത്താനിലും നായകനായി എത്തിയത് ലവ് സിന്‍ഹയായിരുന്നു. എന്നാല്‍ ഈ ചിത്രവും അധികം ശ്രദ്ധിക്കപ്പെട്ടില്ല.

2019 ലെ തെരഞ്ഞെടുപ്പില്‍ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രചാരണ പരിപാടിയില്‍ ലവ് സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഇദ്ദേഹം എങ്ങനെ ബീഹാറിലെ കോണ്‍ഗ്രസ് മുഖമാകുമെന്നാണ് പ്രതിപക്ഷമുയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

അതേസമയം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി മൂന്ന് ഘട്ടങ്ങളായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലാണ് വോട്ടെടുപ്പ്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Congress To  Field Shatrughan S inhas Son Luv From Patna