ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നിട്ടും ഒരിക്കല്‍പ്പോലും കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാതെ പോയ മൂന്ന് ടീമുകളില്‍ പ്രധാനിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പലപ്പോഴായി കിരീടത്തിന് തൊട്ടടുത്തെത്തിയിരുന്നെങ്കിലും കപ്പിനും ചുണ്ടിനും ഇടയില്‍ ബെംഗളൂരുവിന് കിരീടം നഷ്ടമാവുകയായിരുന്നു.
2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സും 2016ല്‍ സണ്‍റൈഴേസ് ഹൈദരാബാദും ടീമിന്റെ കിരീടമോഹങ്ങള്‍ തട്ടിയകറ്റി. ഓരോ തവണയും കിരീടം പ്രതീക്ഷിക്കുന്ന ആരാധകര്‍ ഏറെ ആവേശത്തോടെ പറയുന്ന ‘ഈ സാലാ കപ്പ് നംദേ’ എന്ന ചാന്റ് പോലും ട്രോള്‍ മെറ്റീരിയലായി മാറാന്‍ കാരണവും ടീമിന് കിരീടം നേടാന്‍ സാധിക്കാതെ പോകുന്നതിനാലാണ്.
എന്നാല്‍ ബെംഗളൂരുവിന് തുടര്‍ച്ചയായ കിരീടം നേടാന്‍ സാധിക്കുമെന്ന് പറയുകയാണ് മുന്‍ ന്യൂസിലാന്‍ഡ് കോച്ചും ഏറെ നാളുകളായി ബെംഗളൂരുവിനൊപ്പം തുടരുന്ന മൈക്ക് ഹെസണ്‍. ക്രിക്കറ്റ്‌നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഐ.പി.എല്ലില്‍ ഇതുവരെ ഒരു കിരീടം പോലും നേടാന്‍ സാധിക്കാത്തതില്‍ ആര്‍.സി.ബിക്ക് നിരാശയുണ്ട്. ഈ ഫ്രാഞ്ചൈസി ഒരു ബിസിനസ് പോലെയാണ്, ആര്‍.സി.ബി കിരീടം നേടണമെന്നാണ് ടീം ഉടമകള്‍ കരുതുന്നത്. കിരീട വരള്‍ച്ച അവസാനിപ്പിക്കുന്നതിനുള്ള സമ്മര്‍ദം ഓരോ സീസണ്‍ കഴിയുമ്പോഴും വര്‍ധിച്ചുവരികയാണ്.
മറ്റ് ടീമുകളെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ആര്‍.സി.ബി ഒരു പ്ലാനില്‍ തന്നെ ഏറെ നാളുകളായി ഉറച്ചുനില്‍ക്കുന്നു. എട്ടോ ഒമ്പതോ മികച്ച ടീമുകളോട് പോരാടേണ്ടി വരുന്നതിനാല്‍ ആര്‍.സി.ബിക്ക് ഇതുവരെ ഒരു കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല, എന്നാല്‍ നമ്മള്‍ എന്തെങ്കിലും തെറ്റ് വരുത്തിയെന്ന് പറയാനും സാധിക്കില്ല. ചില ഫ്രാഞ്ചൈസികള്‍ താരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി,’ അദ്ദേഹം പറഞ്ഞു.
ടീം കിരീടം നേടുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ആര്‍.സി.ബി തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയാല്‍ അധികം വൈകാതെ രണ്ടോ മൂന്നോ കിരീടങ്ങള്‍ നേടിയാലും അത്ഭുതപ്പെടേണ്ടതില്ല. ഒരു ലക്ഷ്യത്തിനായി നിങ്ങള്‍ കഠിനമായി പരിശീലിക്കുകയും എന്നാല്‍ അത് നേടാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ നിങ്ങള്‍ക്ക് നിരാശയുണ്ടാകും, എന്നാല്‍ ഒരു തവണ ആ ലക്ഷ്യത്തിലെത്തിയാല്‍ നിങ്ങള്‍ക്ക് അല്‍പ്പം വിശ്രമിക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ആദ്യ മത്സരം വിജയിച്ചുകൊണ്ടാണ് ആര്‍.സി.ബി പുതിയ സീസണ്‍ ആരംഭിച്ചത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.
മാര്‍ച്ച് 28നാണ് ടീമിന്റെ അടുത്ത മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കാണ് വേദി.
ചെപ്പോക്കില്‍ ബെംഗളൂരുവിന്റെ പ്രകടനം ഒട്ടും മികച്ചതല്ല. ചെന്നൈക്കെതിരെ ചെപ്പോക്കില്‍ കളിച്ച ഒമ്പതില്‍ എട്ട് മത്സരത്തിലും ടീം പരാജയപ്പെട്ടിരുന്നു. 2008ല്‍ മാത്രമാണ് റെഡ് ആര്‍മി ചെന്നൈയിലെത്തി ചെന്നൈയെ പരാജയപ്പെടുത്തിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്‌ക്വാഡ്
രജത് പാടിദാര്‍, വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ദേവദത്ത് പടിക്കല്‍, സ്വാസ്തിക് ചികാര, ലിയാം ലിവിങ്സ്റ്റണ്‍, ക്രുണാല്‍ പാണ്ഡ്യ, സ്വപ്നില്‍ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മനോജ് ഭണ്ഡാഗെ, ജേക്കബ് ബേഥേല്‍, ജോഷ് ഹെയ്സല്‍വുഡ്, റാസിഖ് ദാര്‍, സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, ലുങ്കി എന്‍ഗിഡി, അഭിനന്ദന്‍ സിങ്, മോഹിത് രാഥി, യാഷ് ദയാല്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ്
ഋതുരാജ് ഗെയ്ക്വാദ്, എം.എസ്. ധോണി, ഡെവോണ്‍ കോണ്‍വേ, രാഹുല്‍ ത്രിപാഠി, ഷെയ്ക് റഷീദ്, വാന്‍ഷ് ബേദി, ആന്ദ്രേ സിദ്ധാര്‍ഥ്, രചിന്‍ രവീന്ദ്ര, രവിചന്ദ്രന്‍ അശ്വിന്‍, വിജയ് ശങ്കര്‍, സാം കറന്‍, അന്‍ഷുല്‍ കാംബോജ്, ദീപക് ഹൂഡ, ജാമി ഓവര്‍ട്ടണ്‍, കംലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിങ്, നഥാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, മതീശ പതിരാന.
Content Highlight: IPL 2025: Former New Zealand coach Mike Hesson about Royal Challengers Bengaluru winning IPL title