Film News
ഏത് കണക്കിലാണ് വ്യക്തത വേണ്ടത്? കളക്ഷന്‍ വിവാദത്തില്‍ കുഞ്ചാക്കോ ബോബനെതിരെ ഫിയോക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 25, 11:50 am
Tuesday, 25th March 2025, 5:20 pm

കളക്ഷന്‍ വിവാദത്തില്‍ കുഞ്ചാക്കോ ബോബനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നടന് സിനിമാ വരുമാനം സംബന്ധിച്ച് ഏത് കണക്കിലാണ് വ്യക്തത വേണ്ടതെന്ന് ഫിയോക്ക് ചോദിച്ചു.

കൃത്യമായ കണക്കുകളാണ് പുറത്ത് വിട്ടതെന്നും ഫിയോക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്നതില്‍ അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബന് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെ കുറിച്ച്് മാത്രം ചിന്തിച്ചാല്‍ പോരെയെന്നും ഫിയോക് ചോദിച്ചു.

പെരുപ്പിച്ച കണക്കുകള്‍ കാരണം തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാണെന്ന് പറഞ്ഞ ഫിയോക് കളക്ഷന്‍ കണക്ക് പുറത്തുവിടേണ്ടെങ്കില്‍ അമ്മ സംഘടന നിര്‍മാതാക്കളോട് ആവശ്യപ്പെടണമെന്നും കൂട്ടിച്ചേര്‍ത്തു.

മാര്‍ക്കോ സിനിമ കണ്ട ആരും വഴിതെറ്റില്ലെന്നും ഫിയോക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുറത്തിറങ്ങിയ 253 സിനിമകളില്‍ ഒന്ന് മാത്രമാണ് മാര്‍ക്കോയെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു നിര്‍മാതാക്കളുടെ സംഘടന ഫെബ്രുവരിയില്‍ റിലീസായ സിനിമകളുടെ തീയേറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. തിയേറ്ററില്‍ നിന്നും വിജയിച്ച ചിത്രം കുഞ്ചാക്കോ ബോബന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആണെന്നാണ് പറഞ്ഞിരുന്നത്.

13 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 11 കോടി വരെ ബോക്സ് ഓഫീസില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട് പറഞ്ഞത്. എന്നാല്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് കുഞ്ചാക്കോ ബോബന്‍ തള്ളുകയായിരുന്നു. 11 കോടിയല്ല, അതിന്റെ ഇരട്ടിയോ അതില്‍ കൂടുതലോ സിനിമ നേടിയെന്നായിരുന്നു നടന്‍ പറഞ്ഞത്.

Content Highlight: Feouk Against Kunchacko Boban In Collection Report Controversy