ഇന്ത്യന്‍ റെയില്‍വേ മന്ത്രി ഒരു 'റീല്‍' മന്ത്രിയാണ്; ചെയ്ത തെറ്റ് കേന്ദ്രം ഏറ്റുപറയൂ: കോണ്‍ഗ്രസ്
national news
ഇന്ത്യന്‍ റെയില്‍വേ മന്ത്രി ഒരു 'റീല്‍' മന്ത്രിയാണ്; ചെയ്ത തെറ്റ് കേന്ദ്രം ഏറ്റുപറയൂ: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2024, 10:51 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് യാഥാര്‍ഥ്യത്തില്‍ ‘റീല്‍’ മന്ത്രിയാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. അശ്വിനി വൈഷ്ണവിനെ പോലൊരു വ്യക്തിക്ക് അധികാര പദവിയില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും സുപ്രിയ പറഞ്ഞു. 15 പേരുടെ മരണത്തിന് കാരണമായ ബംഗാള്‍ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

View this post on Instagram

A post shared by Congress (@incindia)

ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷയ്ക്കായി രൂപീകരിച്ച ആര്‍.ആര്‍.എസ്.കെയ്ക്ക് ലഭിക്കേണ്ടിയിരുന്നത് ഏകദേശം 20,000 കോടി രൂപയാണ്. എന്നാല്‍ നാല് വര്‍ഷം കൊണ്ട് ലഭ്യമായത് 4225 കോടി രൂപ മാത്രമാണ്. ഇതുസംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും സുപ്രിയ പറഞ്ഞു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍.

റെയില്‍വേയുടെ ഡിപ്രിസിയേഷന്‍ റിസര്‍വ് ഫണ്ടില്‍ നിന്നാണ് വകുപ്പിന്റെ പഴയ ആസ്തികള്‍ നവീകരിക്കുന്നത്. 58,000 കോടി രൂപ ചെലവഴിക്കേണ്ടിയിരുന്നിടത്ത് 600 കോടി മാത്രമാണ് വകുപ്പ് ചെലവഴിച്ചിട്ടുള്ളതെന്നും സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ഏറ്റവും വിശ്വസനീയമായ ഗതാഗത മാര്‍ഗമായി കണക്കാക്കപ്പെടുന്ന റെയില്‍വേ ഇപ്പോള്‍ തുടര്‍ച്ചയായി വൈകി ഓടുകയാണെന്നും സുപ്രിയ ചൂണ്ടിക്കാട്ടി.

യാത്രയില്‍ റിസര്‍വ് ചെയ്യാത്ത ആളുകള്‍ക്ക് നേരെ പൊലീസ് സേനയെ പ്രയോഗിക്കണമെന്ന് റെയില്‍വേ മന്ത്രി പ്രതികരിച്ചിരുന്നതായി സുപ്രിയ ഓര്‍മ്മിപ്പിച്ചു. ഇതിനുള്ള മറുപടിയെന്നോണം, ‘മന്ത്രി, ഈ അണ്‍റിസര്‍വഡ് യാത്രക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം ടോയ്‌ലറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നില്ല,’ എന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

View this post on Instagram

A post shared by Congress (@incindia)


സ്ലീപ്പര്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളെ എസി കോച്ചുകളാക്കി മാറ്റി റെയില്‍വേ വകുപ്പ് പാസഞ്ചര്‍ ട്രെയിനുകളുടെ എണ്ണം കുറച്ചുവെന്നും സുപ്രിയ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ നിങ്ങളുടെ തെറ്റ് തിരുത്തണമെന്നും അവര്‍ പറഞ്ഞു.

എന്‍.ഡി.എ സര്‍ക്കാരിന് സുപ്രിയ ഒരു മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. ലോക്സഭയില്‍ ചൂട് കൂടുമെന്നും മുമ്പ് ഉണ്ടായിരുന്നതുപോലെ ഏകാധിപത്യപരമായി ബി.ജെ.പിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നുമാണ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞത്. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24നാണ് ആരംഭിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.

Content Highlight: Congress spokesperson Supriya Shrinate says Indian Railways Minister Ashwini Vaishnav is in reality ‘Reel’ Minister