കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോണ്‍ഗ്രസ് (എസ്). ഭീഷണി കത്തിന് പിന്നില്‍ തിരുവഞ്ചൂര്‍ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സജി നൈനാന്‍ പറഞ്ഞു.
‘തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസില്‍ സ്വന്തം കാലിടറുകയും നിലനില്‍പ്പിന് മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വരികയും ചെയ്തപ്പോള്‍ സ്വന്തം പാര്‍ട്ടിയിലും സമൂഹത്തിലും ശ്രദ്ധപിടിച്ചു പറ്റുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കത്തിന്റെ രൂപത്തില്‍ വ്യാജരേഖ ചമച്ചുണ്ടാക്കിയതിന്റെ വേരുകള്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹം തന്നെയാണോ പ്രസ്തുത കത്തിന്റെ സൂത്രധാരന്‍ എന്ന് തെളിയിക്കപ്പെടുന്ന സാഹചര്യം രൂപപ്പെട്ടേക്കാം,’ സജി നൈനാന്‍ പറഞ്ഞു.
10 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പ്പടെ വധിക്കുമെന്നാണ് തനിക്ക് ലഭിച്ച കത്തിലെ ഭീഷണിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തില്‍ പറയുന്നു.
തിരുവഞ്ചൂരിനെതിരെ വന്ന ഭീഷണിയെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്നാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
ഭീഷണിക്കത്ത് അയച്ച നടപടി സംസ്ഥാനത്തെ ഭരണസംവിധാനത്തിനാണ് മാനക്കേട് ഉണ്ടാക്കിയിരിക്കുന്നത്. ഇടത് ഭരണത്തില്‍ ജയിലില്‍ കിടക്കുന്ന കുറ്റവാളികള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്നതായി ആക്ഷേപം വ്യാപകമാണ്. ജയിലില്‍ ഭരണം നടത്തുന്നത് കുറ്റവാളികളാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത കാലത്ത് തിരുവഞ്ചൂര്‍ നീതി നടപ്പിലാക്കി. അത് ഏവരും പ്രശംസിച്ചിട്ടുള്ളതാണ്. ഇതു മൂലം നിയമത്തെ അഭിമുഖീകരിക്കേണ്ടി വന്നവരാകാം തിരുവഞ്ചൂരിന് ഭീഷണി കത്തയച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ടി.പി. വധക്കേസിലെ പ്രതികളാണ് കത്തയച്ചതെന്ന് സംശയമുണ്ടെന്നായിരുന്നു തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. ടി.പി. ചന്ദ്രശേഖരനെ പോലെ തന്നെ തങ്ങള്‍ക്കും മരണത്തെ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എ. ഹോസ്റ്റലിലെ വിലാസത്തില്‍ ഊമക്കത്തായാണ് വധഭീഷണി ലഭിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. വധഭീഷണിക്ക് പിന്നില്‍ ടി.പി. കേസ് പ്രതികളാണെന്നും സതീശന്‍ ആരോപിച്ചു. സംഭവത്തില്‍ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.