ഭോപ്പാൽ: ബാബരി മസ്ജിദ് തകർക്കുന്നതിന് പിന്നിൽ ബി.ജെ.പിയുടെയും ആർ.എസ്.സിന്റെയും വി.എച്ച്.പിയുടെയും ലക്ഷ്യം അമ്പലം പണിയുകയായിരുന്നില്ല മറിച്ച് രാഷ്ട്രീയ മൈലേജിന് വേണ്ടി അതൊരു ഹിന്ദു-മുസ്‌ലിം വിഷയമാക്കി മാറ്റുകയായിരുന്നു എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.
കോൺഗ്രസ് ഒരിക്കലും അയോധ്യയിലെ രാമക്ഷേത്രം നിർമാണത്തെ എതിർത്തിരുന്നില്ല എന്നും പുതിയ ക്ഷേത്രം എവിടെ പണിയും എന്നതിലായിരുന്നു ചോദ്യം ഉയർത്തിയത് എന്നും എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്‌വിജയ് സിങ് പറഞ്ഞു.
‘തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കുന്നത് സംബന്ധിച്ച് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. തർക്കമില്ലാത്ത ഭൂമിയിൽ ഭൂമി പൂജ നടത്തിയത് രാജീവ് ഗാന്ധിയുടെ കാലത്താണ്. രാമക്ഷേത്രം നിർമിക്കുന്നതിന് തർക്കമില്ലാത്ത ഭൂമി ഏറ്റെടുത്തത് നരസിംഹ റാവുവാണ്,’ സിങ് പറഞ്ഞു.
പള്ളി തകർക്കുന്നത് വരെ അതൊരു ഹിന്ദു മുസ്‌ലിം വിഷയമായിരുന്നില്ല എന്നും അശാന്തി പടർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്നത് ബി.ജെ.പിയുടെയും വി.എച്ച്. പിയുടെയും ആർ.എസ്.എസിന്റെയും തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: Congress never opposed Ram temple, BJP, RSS used Babri issue for political mileage: Digvijaya Singh