ന്യൂദല്‍ഹി: മധ്യപ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. ഇനിയങ്ങോട്ടുള്ള ഓരോ ചുവടും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇതിനായി വന്‍ അഴിച്ചുപണികള്‍ക്കൊരുങ്ങുകയാണ് പാര്‍ട്ടി.
ഈ വര്‍ഷം അവസാനം 24 സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മധ്യപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന പര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപക് ബബാറിയയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ അഴിച്ചു പണികള്‍ക്കൊരുങ്ങുന്നത്. ദീപകിന് പകരം മുതിര്‍ന്ന നേതാവ് മുകുള്‍ വസ്‌നികിനെ കഴിഞ്ഞ മാസം ചുമതലയേല്‍പിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബാബറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജിവെച്ചത്. ഗുജറാത്തില്‍നിന്നുള്ള നേതാവായിരുന്നു ഇദ്ദേഹം.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ ബാബറിയയുടെ രാജി അനിവാര്യമായിരുന്നെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി 15 വര്‍ഷത്തിനുശേഷം തിരിച്ചുപിടിച്ച അധികാരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മധ്യപ്രദേശ് യൂണിറ്റിലെ ആഭ്യന്തര ഭിന്നത പരിഹരിക്കുന്നതില്‍ ബാബാരിയ പരാജയപ്പെട്ടെന്നാണ് നേതാക്കളടക്കം കുറ്റപ്പെടുത്തുന്നത്.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല എന്നായിരുന്നു സിന്ധ്യയുടെ വലിയ വിമര്‍ശനം. 22 കോണ്‍ഗ്രസ് എം.എല്‍.എമാരെയും കൊണ്ടായിരുന്നു സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയത്.
കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളുടെ ചുമതലയ്‌ക്കൊപ്പമാണ് മുകുള്‍ വാസ്‌നികിനെ മധ്യപ്രദേശും ഏറ്റെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു വാസ്‌നിക്. വാസ്‌നിക് ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ സഹായിക്കാന്‍ പുതിയ സെക്രട്ടറിമാരെയും നിയമിച്ചു.
പാര്‍ട്ടിയെ ക്രമീകരിക്കുക, വിഭാഗീയത അവസാനിപ്പിക്കുക, ഉപതെരഞ്ഞെടുപ്പുകള്‍ക്ക് തയ്യറാവുക എന്നിവയണ് വസ്‌നിക് ഉടനടി നേരിടുന്ന വെല്ലുവിളികള്‍. ഉപതെരഞ്ഞെടുപ്പിനായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞെന്നും അവശേഷിക്കുന്ന പ്രതിസന്ധികള്‍ ഉടനെ തരണം ചെയ്യുമെന്നുമാണ് വാസ്‌നിക് അവകാശപ്പെടുന്നത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 24 സീറ്റുകളില്‍ 16 എണ്ണം സിന്ധ്യയുടെ ശക്തി കേന്ദ്രങ്ങളായ ഗ്വാളിയാര്‍-ചമ്പല്‍ മേഖലയിലുള്ളതാണ് എന്നതും കോണ്‍ഗ്രസിന് മുന്നില്‍ വിലങ്ങുതടിയാവുന്നുണ്ട്.