മഹാരാഷ്ട്രയില്‍ മന്ത്രിസ്ഥാനം കിട്ടാത്തതില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതാക്കള്‍; അതൃപ്തി പ്രകടിപ്പിച്ചവരില്‍ മുന്‍ മുഖ്യമന്ത്രിയും
national news
മഹാരാഷ്ട്രയില്‍ മന്ത്രിസ്ഥാനം കിട്ടാത്തതില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതാക്കള്‍; അതൃപ്തി പ്രകടിപ്പിച്ചവരില്‍ മുന്‍ മുഖ്യമന്ത്രിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2019, 1:54 pm

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ വിപുലീകരണത്തില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനടക്കം മന്ത്രിസ്ഥാനം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നവരെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഉള്‍പ്പോര് തുടങ്ങിയതായാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലെ നടന്ന മന്ത്രിസഭാ വിപുലീകരണത്തില്‍ ആദ്യമായി എം.എല്‍.എയായ ശിവസേനാ നേതാവ് ആദിത്യ താക്കറെയും ബി.ജെ.പിക്കൊപ്പം പോവുകയും പിന്നീട് തിരിച്ചുവരികയും ചെയ്ത അജിത് പവാറും അടക്കമുള്ളവരെ മന്ത്രിമാരാക്കിയതിലാണ് അതൃപ്തി.

പാര്‍ട്ടിയുടെ വിശ്വസ്തരായ പൃഥ്വിരാജ് ചവാന്‍, നസീം ഖാന്‍, പ്രണീതി ഷിന്‍ഡെ, സംഗ്രം തോപ്‌തെ, അമിന്‍ പട്ടേല്‍, രോഹിദാസ് പാട്ടീല്‍ എന്നിവര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്നലെ നേരില്‍ക്കണ്ട് അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മന്ത്രിസഭാ വിപുലീകരണത്തിനു തൊട്ടുപിറകെ എന്‍.സി.പി എം.എല്‍.എ പ്രകാശ് സോളങ്കെ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചതു വിവാദമായിരുന്നു. മന്ത്രിസഭാ വിപുലീകരണവുമായി തന്റെ രാജിക്കു ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതുതന്നെയാണു കാരണമെന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നത്.

അതേസമയം ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാന്‍, ദിലീപ് വാല്‍സെ പാട്ടീല്‍, ധനഞ്ജയ് മുണ്ടെ, സുനില്‍ ഛത്രപാല്‍ കേദാര്‍, കെ.സി പദ്വി എന്നിവര്‍ക്കു മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കിതുവരെ വകുപ്പുകള്‍ തിരിച്ചുനല്‍കിയിട്ടില്ല. രണ്ടുദിവസത്തിനുള്ളില്‍ അതുണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയെ ദല്‍ഹിയിലെ വീട്ടിലെത്തി കണ്ടിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പാര്‍ട്ടി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.