മധ്യപ്രദേശിൽ കോൺ​ഗ്രസ് എം.എൽ.എ ബിജെ.പിയിൽ; ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പാർട്ടി വിടുന്ന മൂന്നാമത്തെ എം.എൽ.എ
national news
മധ്യപ്രദേശിൽ കോൺ​ഗ്രസ് എം.എൽ.എ ബിജെ.പിയിൽ; ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പാർട്ടി വിടുന്ന മൂന്നാമത്തെ എം.എൽ.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2024, 9:08 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ ബിന എം.എല്‍.എ നിര്‍മല സാപ്രെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ നിന്നും ബി.ജെ.പിയിലേക്കെത്തിയ മൂന്നാമത്തെ എം.എല്‍.എയാണ് നിര്‍മല സാപ്രെ.

സാഗര്‍ ജില്ലയില്‍ നടന്ന പൊതു റാലിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ സാന്നിധ്യത്തിലായിരുന്നു അവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബിന മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് എം.എല്‍.എ ആയിരിക്കെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസിന് വികസന കാര്യത്തില്‍ പ്രത്യേകിച്ചൊരു അജണ്ടയും ഇല്ലെന്നും അവര്‍ ആരോപിച്ചു. അതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി മോഹന്‍ യാദവിനുമൊപ്പം വികസനത്തിന്റെ ഭാഗമാകാന്‍ താന്‍ തീരുമാനിച്ചതെന്നും നിര്‍മല സാപ്രെ പറഞ്ഞു.

മാര്‍ച്ച് 16നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മാര്‍ച്ച് 29ന് ചിന്ദ്വാര ജില്ലയിലെ അമര്‍വാരയില്‍ നിന്നുള്ള എം.എല്‍.എയായ കമലേഷ് ഷാ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഏപ്രില്‍ 30ന് രാംനിവാസ് റാവത്ത് എം.എല്‍.എയും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഏറ്റവും ഒടുവിലായി ഇപ്പോള്‍ നിര്‍മല സാപ്രെയും ബി.ജെ.പിയിലേക്കെത്തി.

Content Highlight: Congress MLA Joins BJP In Madhya Pradesh, 3rd Crossover Since March