ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ല; ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാവുന്നത് ചിന്തിച്ചിട്ടില്ലെന്നും കെ.സുധാകരന്‍
Kerala Election 2021
ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ല; ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാവുന്നത് ചിന്തിച്ചിട്ടില്ലെന്നും കെ.സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th March 2021, 7:21 pm

കണ്ണൂര്‍: ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തലമുണ്ഡനം ചെയ്തത് അവരുടെ പ്രതിഷേധമാണെന്നും അവരുടെ അമര്‍ഷമാണെന്നും സുധാകരന്‍ പറഞ്ഞു.

അവരോട് നീതി കാണിച്ചില്ല എന്ന് തങ്ങള്‍ക്കെല്ലാം അഭിപ്രായമുണ്ടെന്നും സ്വാഭാവികമായും അവര്‍ പ്രതികരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ പലര്‍ക്കും ആഗ്രഹമുണ്ടാകുമെന്നും പക്ഷെ ആഗ്രഹത്തിനെല്ലാം നിന്നുകൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നും തന്നോട് ധര്‍മ്മടത്ത് മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഇരിക്കൂറിലെ പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചു.

ഏറ്റുമാനൂരില്‍ നടന്ന കണ്‍വെന്‍ഷനിലാണ് മത്സരപ്രഖ്യാപനമുണ്ടായത്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു
ലതികാ സുഭാഷ് രാജിവെച്ചത്.

മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേര്‍ എങ്കിലും നിര്‍ത്താമായിരുന്നുവെന്ന് ലതിക പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contnet Highlights: Congress  leadership did not do justice to Latika Subhash; K. Sudhakaran