'ശബരിമല കാലത്ത് നമ്മള്‍ തല്ലുകൊണ്ടു, ഗുണം കിട്ടിയത് മറ്റുചിലര്‍ക്ക്; ഇത്തവണ അതുണ്ടാകരുത്'
Kerala News
'ശബരിമല കാലത്ത് നമ്മള്‍ തല്ലുകൊണ്ടു, ഗുണം കിട്ടിയത് മറ്റുചിലര്‍ക്ക്; ഇത്തവണ അതുണ്ടാകരുത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th August 2023, 9:35 am

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തെ തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ പരസ്യ ആഹ്വാനം ചെയ്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലക്ക് സമാനമായ സ്ഥിതി വന്നിരിക്കുകയാണെന്നും നമ്മളോട് മാത്രമാണ് ഗണപതി മിത്താണെന്ന് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കാലത്ത് ബി.ജെ.പിയിലെ സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലം ലഭിച്ചത് മറ്റുചിലര്‍ക്കാണെന്നും ഇത്തവണ അത് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹിള മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

‘ശബരിമലക്ക് സമാനമായ സ്ഥിതി വന്നിരിക്കുകയാണ്. നമ്മളോട് മാത്രമാണോ പറയാനുള്ളത്, നിങ്ങളുടേത് മിത്താണ്. ഗണപതി മിത്താണ്. അല്ലാഹു നല്ല ആളാണ്. സ്വര്‍ഗത്തില്‍ ചെന്നാല്‍ ഹൂറിമാരെ കാണാം. ആരാണ് ഹൂറിമാരെ കണ്ടിട്ടുള്ളതെന്ന് സുകുമാരന്‍ നായര്‍ ഇന്നലെ ചോദിച്ചു. അതിനെ പറ്റി ഷംസീറിനെ പോലെയുള്ള അലവലാതികള്‍ക്ക് ഒന്നും പറയാനില്ല. കഴിഞ്ഞ ദിവസം 30 ദിവസം നോമ്പെടുക്കുന്നതിനെ പറ്റി വേറെ വീഡിയോ വന്നിരുന്നു. അയ്യപ്പന്‍ കല്യാണം കഴിച്ചതാണെന്നായിരുന്നു വേറൊരുത്തന്‍. അയ്യപ്പന്‍ കല്യാണം കഴിച്ചോയെന്ന് നോക്കലാണോ ഇവന്മാരുടെയൊക്കെ ജോലി. ഇവനെയൊക്കെ കണ്ടാലേ കാണ്ടാമൃഗത്തെക്കാളും വലിയ തൊലിക്കട്ടിയാണ്. ഇവനൊക്കെ മുട്ടിന്റെ മുകളില്‍ മുണ്ടും ഉടുത്ത് 30 ദിവസം നൊമ്പെടുത്ത് എല്ലാ വെള്ളിയാഴ്ചയും പള്ളിയില്‍ പോയി ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ്,’ സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല കാലത്ത് തെരുവിലിറങ്ങിയതിനേക്കാള്‍ നൂറ് മടങ്ങ് ശക്തിയില്‍ വിഗ്നേശ്വരന്റെ വിശ്വാസം സംരക്ഷിക്കാന്‍ തെരുവിലിറങ്ങണമെന്നും സ്ത്രീകളുടെ ശക്തിയാണ് ശബരിമലയില്‍ നിന്നും തോറ്റോടാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ചതെന്ന് മറക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കുകയാണ്, വീണ്ടും നിങ്ങള്‍ക്ക് തെരുവിലിറങ്ങാന്‍ സമയമായി. ശബരിമല കാലത്ത് തെരുവിലിറങ്ങിയതിനേക്കാള്‍ നൂറ് മടങ്ങ് ശക്തിയില്‍ നമ്മുടെ വിഗ്നേശ്വരന്റെ വിശ്വാസം സംരക്ഷിക്കാന്‍ നിങ്ങള്‍ തെരുവിലിറങ്ങണം. നിങ്ങളുടെ ശക്തിയാണ് ശബരിമലയില്‍ നിന്നും തോറ്റോടാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ചതെന്ന് നിങ്ങള്‍ മറക്കരുത്. ആ അമ്മമാരുടെ ശക്തി നമ്മള്‍ അവസാനിപ്പിച്ചിട്ടില്ല, നമ്മള്‍ വീണ്ടും പുറത്തെടുക്കുകയാണെന്ന് കാണിച്ചുകൊടുക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. 2019ല്‍ ശബരിമലയില്‍ നമ്മള്‍ തല്ല് കൊണ്ടു, നമ്മള്‍ ഘോഷയാത്ര നടത്തി. നമ്മുടെ അമ്മമാര്‍ ജയിലില്‍ പോയി. പക്ഷെ ഗുണഭോക്താക്കള്‍ ആയത് വേറെ ചിലരാണ്. ഇത്തവണ അങ്ങനെയുള്ള കഴുകന്മാര്‍ക്ക് മുതലെടുക്കാനുള്ള അവസരം ഉണ്ടാകരുത്,’ അദ്ദേഹം പറഞ്ഞു.

Content Highlights: Congress got the benefit of sabarimala protest; It should not have this time; k Surendran