ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ട്രബിള്‍ ഷൂട്ടര്‍ നേതാവ് ഡി.കെ ശിവകുമാറിനെ തങ്ങളുടെ മണ്ഡലത്തില്‍ എത്തിക്കുന്നതിന് വേണ്ടി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ മത്സരം. ഡിസംബര്‍ 5ന് 15 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം ശിവകുമാറിന് കൈവന്നിരിക്കുന്ന സ്റ്റാര്‍ വാല്യൂ ഉപയോഗപ്പെടുത്താനാണ് സ്ഥാനാര്‍ത്ഥികളുടെ ശ്രമം. ഇത് വരെ ആറോളം നിയോജക മണ്ഡലങ്ങളിലാണ് ശിവകുമാര്‍ പ്രചരണത്തിന് പങ്കെടുത്തത്.
തങ്ങളുടെ മണ്ഡലങ്ങളില്‍ ശിവകുമാര്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നാണ് സ്ഥാനാര്‍ത്ഥികളുടെ ആവശ്യം. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.
മണ്ഡലത്തിലെ വൊക്കലിഗ സമുദായത്തിന്റെ വോട്ടുകള്‍ ശിവകുമാര്‍ വഴി കോണ്‍ഗ്രസിന് ലഭിക്കുക എന്നത് തന്നെയാണ് പ്രധാന കാരണം. രണ്ടാമത്തേത് ജയിലില്‍ നിന്ന് ശിവകുമാര്‍ ഇറങ്ങിയതിന് ശേഷം സംസ്ഥാനത്ത് വലിയ സഹതാപ തരംഗം ഉണ്ടായിട്ടുണ്ട്. അതിനെയും വോട്ടാക്കി മാറ്റാനാവുമെന്നാണ് സ്ഥാനാര്‍ത്ഥികള്‍ കരുതുന്നത്. അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായ ശിവകുമാറിന് വലിയ വരവേല്‍പ്പാണ് സംസ്ഥാനത്ത് ലഭിച്ചത്.
ചിക് ബല്ലൂര്‍, ഹോസ്‌കൊട്ടെ,ഹുന്‍സൂര്‍, കെ.ആര്‍ പെട്ട്, കെ.ആര്‍ എന്നീ മണ്ഡലങ്ങളിലാണ് ശിവകുമാര്‍ ഇത് വരെ പ്രചരണം നടത്തിയത്. റാനെബെന്നൂരിലും ഹിരേകെറൂരിലും വരും ദിവസങ്ങളില്‍ പ്രചരണത്തിനിറങ്ങും.
അതേസമയം ആരോഗ്യ സ്ഥിതിയാണ് മുഴുവന്‍ സമയം പ്രചരണത്തിനിറങ്ങുന്നതില്‍ നിന്ന് ശിവകുമാറിനെ തടയുന്ന ഘടകം. ഈ മാസം ആദ്യം ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.