കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നാട്ടില്‍ ബി.ജെ.പി ആര്‍.എസ്.എസുമായി പ്രാദേശികമായി സഖ്യമുണ്ടാക്കുന്നു. കണ്ണൂര്‍ കൂത്തുപറമ്പ് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് ഈ കൂട്ടുകെട്ട്.
370 പേര്‍ അംഗങ്ങളായുള്ള സൊസൈറ്റിയില്‍ 256 അംഗങ്ങള്‍ കോണ്‍ഗ്രസിനെയും 114 അംഗങ്ങള്‍ ബി.ജെ.പി-ആര്‍.എസ്.എസിനെയും പിന്തുണയ്ക്കുന്നവരാണ്. ഒറ്റയ്ക്കു നിന്നാല്‍ തന്നെ കോണ്‍ഗ്രസിന് വിജയിക്കാം എന്നിരിക്കെയാണ് ബി.ജെ.പി-ആര്‍.എസ്.എസുമായി സഖ്യമുണ്ടാക്കുന്നത്.
ദേശീയ തലത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസാണ് പ്രാദേശിക തലത്തില്‍ ഇത്തരമൊരു കൂട്ടുകെട്ടിന് ഒരുക്കുന്നത്. ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന രഹസ്യ ചര്‍ച്ചകള്‍ക്കെതിരെ എ. ഗ്രൂപ്പ് രംഗത്തെത്തിക്കഴിഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഭിഭാഷകനെ റിട്ടേണിങ് ഓഫീസറായി നിയമിച്ച് കൂത്തുപറമ്പില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഡി.സി.സി നിര്‍ദേശം. എന്നാല്‍ സ്‌കൂളിലെ ഭരണസമിതി യോഗത്തില്‍ നിലവിലുള്ള മാനേജര്‍ ആര്‍.കെ രാഘവനുള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ഡയറക്ടര്‍മാര്‍ ഈ തീരുമാനം ഹൈജാക്ക് ചെയ്യുകയും ബി.ജെ.പിയുടെ തീരുമാനത്തിന് അനുകൂലമായി നില്‍ക്കുകയുമായിരുന്നു.
ബി.ജെ.പിക്കും ആര്‍.എസ്.എസിനും സ്വാധീനമുള്ള തൊക്കിലങ്ങാടിയില്‍ ബി.ജെ.പി അനുഭാവിയായ അഭിഭാഷകനെ റിട്ടേണിങ് ഓഫീസറായി നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.
ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് രാഘവന്റെ വിശദീകരണം. എന്നാല്‍ രഹസ്യമായി നടത്തിയ യോഗമാണിതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ ചട്ടം ലംഘിച്ചതിനെതിരെ യോഗം നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം.
നേരത്തെ ആര്‍.എസ്.എസിന് പരിശീലനം നടത്താന്‍ സ്‌കൂള്‍ വിട്ടുനല്‍കിയതും വിവാദമായിരുന്നു.