Advertisement
national news
ഗോഡ്സെയെ രാജ്യത്തെ ആദ്യ തീവ്രവാദിയായി പ്രഖ്യാപിച്ച് നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ ധൈര്യമുണ്ടോ!ഗുജറാത്ത് നിയമസഭയില്‍ ബി.ജെ.പിയെ വെള്ളംകുടിപ്പിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 09, 02:10 am
Wednesday, 9th March 2022, 7:40 am

ഗാന്ധിനഗര്‍:ഗാന്ധി ഘാതകന്‍ ഗോഡ്സെയെ രാജ്യത്തെ ആദ്യ ഭീകരനായി പ്രഖ്യാപിച്ച് നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ ധൈര്യമുണ്ടോയെന്ന് ഗുജറാത്ത് നിയമസഭയില്‍ ബി.ജെ.പിയോട് കോണ്‍ഗ്രസ്.

ഗോഡ്സെ രാജ്യത്തെ ആദ്യ ദേശവിരുദ്ധനാണെന്നും മഹാത്മാഗാന്ധിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് അത് പ്രഖ്യാപിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

”കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ജിതു വഗാനി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു. ഇന്ന് ഞാന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുന്നു. അവര്‍ ഹൃദയം കൊണ്ട് ഗാന്ധിയില്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, ഈ സഭയില്‍ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ രാജ്യത്തെ ആദ്യത്തെ തീവ്രവാദിയും ദേശവിരുദ്ധനും ആയി പ്രഖ്യാപിക്കുക. നിങ്ങള്‍ക്ക് (ബി.ജെ.പി) സത്യം അംഗീകരിക്കാന്‍ ധൈര്യമില്ല. നിങ്ങള്‍ക്കെങ്ങനെ ഞങ്ങളെ ദേശീയത പഠിപ്പിക്കാനാവും? നിങ്ങളുടെ സ്വന്തം എം.പിമാര്‍ ഗോഡ്സെയെ ഒരു ദേശഭക്തനായി കാണുമ്പോള്‍, നിങ്ങള്‍ ഞങ്ങളെ എങ്ങനെ ദേശഭക്തി പഠിപ്പിക്കും?”അദ്ദേഹം ചോദിച്ചു.

ബി.ജെ.പി തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമായി കരുതിയിരുന്ന സംഘടന രാജ്യത്തിന്റെ അഭിമാനമായ ത്രിവര്‍ണ പതാക പോലും അംഗീകരിച്ചില്ലെന്നും 1949 ജൂലൈ 11ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍.എസ്.എസ് നിരോധനത്തില്‍ ഇളവ് വരുത്തിയപ്പോള്‍, ‘ദേശീയപതാക അംഗീകരിക്കണമെന്ന് അതില്‍ വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

”എന്തുകൊണ്ടാണ് ദേശീയ പതാക സ്വീകരിക്കാന്‍ അദ്ദേഹത്തിന് ഇത്രയും വ്യക്തവും നിര്‍ദ്ദിഷ്ടവുമായ നിബന്ധന വെക്കേണ്ടി വന്നത്? അതേ വര്‍ഷം തന്നെ ജനുവരി 26ന് നാഗ്പൂര്‍ ആസ്ഥാനത്ത് ആര്‍.എസ്.എസിന് ത്രിവര്‍ണ പതാക ഉയര്‍ത്തേണ്ടി വന്നു.

എന്നാല്‍ പട്ടേലിന്റെ മരണശേഷം ആര്‍.എസ്.എസ് അദ്ദേഹത്തെ മറന്നെന്നും 52 വര്‍ഷമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയില്ലെന്നും ദേശീയ പതാകയെ അപമാനിച്ചെന്നും സോളങ്കി പറഞ്ഞു. സോളങ്കിക്ക് ബി.ജെ.പി മറുപടി നല്‍കിയില്ല.

 

Content Highlights: congress about Godse