കോഴിക്കോട്: പുള്ളാവൂര്‍ പുഴയിലെ മെസി- നെയ്മര്‍ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ നീക്കണമെന്ന ആവശ്യത്തില്‍ നിന്ന് ചാത്തമംഗലം പഞ്ചായത്ത് പിന്മാറുന്നു. കട്ടൗട്ടുകള്‍ മാറ്റാന്‍ പഞ്ചായത്ത് രേഖാമൂലം നോട്ടീസ് നല്‍കിയിട്ടില്ലെന്നും പരാതി പരിശോധിക്കുകയും അന്വേഷിക്കുകയും മാത്രമാണ് ചെയ്തതെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ ഓലിക്കല്‍ പറഞ്ഞു.
”പരാതി ലഭിച്ചു എന്ന് പറയുന്ന സമയത്ത്, അങ്ങനെയൊരു പരാതിയുണ്ടെങ്കില്‍ ഇത് എടുത്തുമാറ്റാന്‍ ഞങ്ങള്‍ തയ്യാറാണെന്ന്, അവരില്‍പെട്ട ചില ആളുകള്‍ തന്നെ അറിയിച്ചു എന്നേയുള്ളൂ.
ഇക്കാര്യമാണ് ഇന്നലെയും പറഞ്ഞത്. അല്ലാതെ പഞ്ചായത്ത് ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ പക്ഷത്തേ നില്‍ക്കാന്‍ കഴിയൂ. ആ കട്ടൗട്ടുകള്‍ അവിടെ നിലനിര്‍ത്തണം എന്നുള്ളത് ഞങ്ങളുടെയെല്ലാം വികാരമാണ്,” ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞദിവസമായിരുന്നു കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കിയതായി വാര്‍ത്ത പുറത്തുവന്നത്.
അതേസമയം പുഴയുടെ ഉടമസ്ഥതയില്‍ തര്‍ക്കമുന്നയിച്ച് കൊടുവള്ളി നഗരസഭ രംഗത്തെത്തിയിട്ടുണ്ട്. ഉള്ളാവൂര്‍ ചെറുപുഴ കൊടുവള്ളി നഗരസഭയുടെ പരിധിയിലാണെന്നും കട്ടൗട്ടുകളിന്മേല്‍ നടപടിയെടുക്കാന്‍ ചാത്തമംഗലം പഞ്ചായത്തിന് കഴിയില്ലെന്നും നഗരസഭാ ചെയര്‍മാന്‍ വി. അബ്ദുറഹിമാന്‍ പറഞ്ഞു.
കട്ടൗട്ടുകള്‍ പുഴയ്ക്ക് നാശമുണ്ടാക്കുന്നില്ല, പരാതി ലഭിച്ചാലും ആരാധകര്‍ക്കൊപ്പം നഗരസഭ നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
”പുള്ളാവൂര്‍ പുഴ കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ളതാണ്. ഞങ്ങള്‍ പൂര്‍ണമായും ഇവിടത്തെ കളിക്കാര്‍ക്കൊപ്പമാണ്. കളിക്കാരുടെ ആവേശം നഗരസഭ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു.
ഇതു സംബന്ധിച്ച് നഗരസഭയ്ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. നിയമപരമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പിന്നീട് പരിശോധിക്കാവുന്നതാണ്.
പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഈ കട്ടൗട്ടുകള്‍ വലിയരീതിയില്‍ തടയുന്നതായി ഇപ്പോഴും മനസിലാകുന്നില്ല. അതുകൊണ്ട് കളിക്കാര്‍ക്കും കളിയുടെ വികാരത്തിനും ഒപ്പമാണ് കൊടുവള്ളി നഗരസഭ,” ചെയര്‍മാന്‍ വി. അബ്ദുറഹിമാന്‍ പറഞ്ഞു.
അതേസമയം മെസി- നെയ്മര്‍ കട്ടൗട്ടുകള്‍ പുഴയില്‍ നിന്നും നീക്കം ചെയ്യുമെന്ന പ്രചരണം ശക്തമായതോടെ പ്രദേശത്ത് ഫുട്‌ബോള്‍ ആരാധകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണ്ടാള്‍ഡോയുടെ കട്ടൗട്ടും ഇന്ന് പുഴയില്‍ സ്ഥാപിക്കുമെന്നും ഒരുവിഭാഗം ആരാധകര്‍ പറഞ്ഞു.
പുഴയില്‍ നിന്നും കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ശ്രീജിത് പെരുമനയായിരുന്നു പരാതി നല്‍കിയത്.
Content Highlight: Confusion over the massive cutouts of Messi and Neymer over Koduvally Municipality and Chathamangalam Panchayat