കൊച്ചി: രണ്ട് ദിവസം മുമ്പ് കെ.എസ്.ആര്‍.ടി.സിയില്‍ തൃശൂര്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി നടിയായ നന്ദിതക്കുണ്ടായ ദുരനുഭവത്തില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചത് പെണ്‍കുട്ടിയുടെ ധൈര്യം കൊണ്ടാണെന്ന് കണ്ടക്ടര്‍ പ്രദീപ്. പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ താനും ഡ്രൈവറും ചേര്‍ന്ന് പിടിക്കൂടുകായായിരുന്നെന്നും അദ്ദേഹം മീഡിയാ വണ്ണിനോട് പറഞ്ഞു.
‘ബസില്‍ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. ബസ് അത്താണി എത്താറായപ്പോള്‍ മുമ്പില്‍ നിന്ന് നന്ദിത എന്ന പെണ്‍കുട്ടിയുടെ ബഹളം കേട്ടിട്ടാണ് ഞാന്‍ പുറകില്‍ നിന്ന് വരുന്നത്.
അപ്പോള്‍ ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചുവെന്ന് അവര്‍ പറഞ്ഞു. പെണ്‍കുട്ടി ഫോണില്‍ വീഡിയോയും പിടിച്ചു.
അപ്പോള്‍ ഇയാളോട് എന്താണ് സംഭവം എന്ന് ചോദിച്ചപ്പോള്‍ ഞാനൊന്നും ചെയ്തില്ലെന്ന് പറഞ്ഞു. എന്ത് ചെയ്തില്ലെങ്കിലും കുഴപ്പമില്ല, പൊലീസിനെ അറിയിച്ചിട്ടുണ്ട്, പൊലീസ് വന്നിട്ട് പൊലീസിനോട് പറയാമെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെ എയര്‍പോര്‍ട്ട് ജങ്ഷനില്‍ പൊലീസുണ്ടായിരുന്നു. അപ്പോള്‍ പൊലീസില്‍ വിവരം പറയാമെന്ന് കരുതി ജസ്റ്റ് ആ ഡോറ് തുറന്നിറങ്ങിയപ്പോഴേക്കും പ്രതി എന്നെ തള്ളി മാറ്റി കുതറി ഓടി.
ഞാന്‍ വട്ടം കേറി പിടിച്ചു, എന്റെ ബാഗും, ഫോണും നിലത്ത് വീണു. വാച്ചൊക്കെ പൊട്ടി പോയി. എന്നിട്ടും ഞാനതൊന്നും മൈന്‍ഡ് ചെയ്യാതെ പ്രതിയുടെ പിറകെ ഓടി. അപ്പോള്‍ പ്രതി റോഡ് ക്രോസ് ചെയ്ത് വലത് ഭാഗത്തേക്ക് പോയപ്പോഴേക്കും എന്റെ ഡ്രൈവര്‍ പി.ടി.ജോഷി ഡ്രൈവര്‍ സീറ്റിലൂടെ ചാടി ഇറങ്ങി വന്ന് എയര്‍പോര്‍ട്ട് സിഗ്നലില്‍ വെച്ച് അവിടെ ഉണ്ടായിരുന്ന പൊലീസുംകാരുടെ സഹായത്താല്‍ പ്രതിയെ കീഴടക്കി അറസ്റ്റ് ചെയ്തു.
പ്രതി ഞാന്‍ നിരപരാധിയാണ്, എവിടെയും ഓടി പോകാന്‍ ഉദ്ദേശിച്ചില്ലെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, ചേട്ടാ അത് പൊലീസില്‍ പറഞ്ഞാല്‍ മതി എന്നോട് പറയണ്ടെന്ന്. ആ കുട്ടിക്ക് പരാതിയുണ്ട്, അതുകൊണ്ട് സ്വാഭാവികമായും എനിക്ക് പൊലീസിനെ അറിയിക്കണമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ പൊലീസിനെ വിളിക്കാന്‍ പോകുമ്പോഴാണ് പ്രതി ഇറങ്ങി ഓടിയത്.
അത്താണി ജങ്ഷനില്‍ എയര്‍പോര്‍ട്ടിന് തൊട്ട് മുമ്പായി ഞങ്ങള്‍ ബസ് സൈഡാക്കിയിരുന്നു. അപ്പോള്‍ ഡ്രൈവര്‍ ചാടിയിറങ്ങി വന്നു. ഡ്രൈവറുടെ നല്ല എഫേര്‍ട്ട് അതിലുണ്ട്. വീഡിയോയില്‍ ഇല്ലെങ്കിലും പ്രതിയെ പിടിക്കാന്‍ വലിയ എഫേര്‍ട്ട് എടുത്തത് ഡ്രൈവറാണ്,’ പ്രദീപ് പറഞ്ഞു.
അതേസമയം ബസിലെ യാത്രക്കാര്‍ പ്രതികരിക്കാന്‍ തയ്യാരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ പെണ്‍കുട്ടി നില്‍ക്കുന്നതിന്റെ അപ്പുറത്തായി കുറേ പുരുഷന്മാരുണ്ടായിരുന്നു. പക്ഷേ അവരൊന്നും പ്രതികരിച്ചില്ല. അവര്‍ക്ക് ഒരു പക്ഷേ സംഭവം മനസിലാകാത്തതു കൊണ്ടാകാം. എങ്കിലും ഒരു പെണ്‍കുട്ടി അത്രയും ഉറക്കെ സംസാരിക്കുമ്പോള്‍ തൊട്ടടുത്തുള്ള ചെറുപ്പക്കാര്‍ പ്രതികരിക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ ആരും പ്രതികരിച്ചില്ല.
പെണ്‍കുട്ടിയുടെ പ്രതികരണമാണ് ഞാനവിടെ എത്തിപ്പെടാന്‍ കാരണമായത്. മോളേ മോള്‍ക്ക് പരാതിയുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. സാറേ എനിക്ക് പരാതിയുണ്ടെന്ന് വളരെ ബോള്‍ഡായി ആ പെണ്‍കുട്ടി പറഞ്ഞു.
അതുകൊണ്ട് എന്ത് വന്നാലും പ്രതിയെ പൊലീസിലെത്തിക്കണമെന്ന ദൃഢനിശ്ചയം ഞങ്ങള്‍ക്കുണ്ടായിരുന്നു. അങ്ങനെ നമുക്ക് എന്തായാലും അവനെ പിടിക്കണമെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു. ഇതിനു മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ പ്രതിയെ പിടിക്കുന്ന സംഭവം ആദ്യമായിട്ടാണ്. ഇവിടെ നന്ദിത പ്രതികരിച്ചത് കൊണ്ടാണ് പ്രതിയെ പിടിക്കണമെന്ന താല്‍പര്യമുണ്ടായത്.
മറ്റേത്, പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ തയ്യാറല്ല. എന്നാല്‍ നന്ദിത കാണിച്ച ധീരതയെ അഭിനന്ദിക്കാതെ മാര്‍ഗമില്ല. അത് മറ്റുള്ള പെണ്‍കുട്ടികുട്ടികള്‍ മാതൃകയാക്കേണ്ടതാണ്. ഇങ്ങനെ ഒരു പ്രശ്‌നം വരുമ്പോള്‍ യാത്രക്കാര്‍ കണ്ടക്ടറോടുും, പെണ്‍കുട്ടികളോടൊപ്പവും നില്‍ക്കാറുണ്ട്,’ അദ്ദേഹം പറഞ്ഞു.
നാളെ മറ്റൊരു പെണ്‍കുട്ടിക്ക് ഈ പ്രതിയുടെ കയ്യില്‍ നിന്നും ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ കാരണമായല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും പ്രദീപ് പറഞ്ഞു.
താന്‍ നേരിട്ട ദുരനുഭവം നന്ദിത സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. യുവതിയുടെ പരാതിയില്‍ സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് നന്ദിതയുടെയും ബസ് ജീവനക്കാരുടെയും ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
ചൊവ്വാഴ്ച രാവിലെ തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് ഈ സംഭവമെന്ന് നന്ദിത പറഞ്ഞു. ‘രാവിലെ പത്ത് മണിക്ക് ബസില്‍ യാത്ര ചെയ്യുന്ന രണ്ട് സ്ത്രീകളുടെ നടുക്ക് വന്നിരുന്ന് ഒരു യുവാവ് ഇത്തരത്തില്‍ സ്വയംഭോഗം ചെയ്യുന്നത് എന്നെ ഞെട്ടിച്ചു. കുറേ നേരം ബ്ലാങ്കായിരുന്നു. ഗര്‍ഭിണിയായ സ്ത്രീയുടേയും എന്റേയും നടുക്കിരുന്നാണ് പ്രതിയായ സവാദ് ഈ നാണമില്ലായ്മ കാണിച്ചത്’ എന്നാണ് നടി പറഞ്ഞത്.
സവാദ് എന്ന പ്രതി ഇതിന് മുമ്പും ഇത്തരത്തില്‍ ചെയ്തിട്ടുള്ളതായി അഞ്ചോളം സ്ത്രീകള്‍ തനിക്ക് വോയ്സ് മെസേജ് അയച്ചതായും നടി വെളിപ്പെടുത്തി.
content highlight: conductor reaction sexual hararsment in ksrtc bus