പത്തനംതിട്ട: റാന്നിയില്‍ ഇഷ്ടദാനം ലഭിച്ച ഭൂമിയില്‍ ദളിത് കുടുംബം വീട് വെക്കാന്‍ ശ്രമിച്ചതിന് പരിസരവാസികളില്‍ നിന്ന് ജാതി വിവേചനം നേരിട്ടുവെന്ന പരാതി ശരിവെച്ച് എസ്.സി- എസ്.ടി കമ്മീഷന്‍. സംഭവത്തില്‍ കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി നേരിട്ട് റാന്നിയിലെത്തിയാണ് അന്വേഷണത്തിന് തുടക്കമിട്ടത്. പട്ടികജാതി വിരുദ്ധ നിലപാടാണ് കുടുംബങ്ങളോട് പരിസരവാസികള്‍ സ്വീകരിച്ചതെന്ന് കമ്മീഷന്‍ കണ്ടെത്തി.
പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാനും അന്വേഷണം നടത്താനും പൊലീസിനോട് നിര്‍ദേശിക്കുമെന്ന് എസ്.സി-എസ്.ടി കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി പറഞ്ഞു.
റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വലിയകാവില്‍ എട്ട് ദളിത് കുടുംബങ്ങള്‍ക്കാണ് മൂന്ന് സെന്റ് ഭൂമി വീതം ഇഷ്ടദാനമായി ലഭിച്ച മന്ദമാരുതി സ്വദേശിയായ വി.ടി. വര്‍ഗീസാനായിരുന്നു വീട് വെക്കാന്‍ ഭൂമി നല്‍കിയത്.
വീടുപണി തുടങ്ങാനിരിക്കെയാണ് പ്രശ്നങ്ങളുടെ തുടക്കം. പഞ്ചായത്ത് മെമ്പര്‍ ഷേര്‍ളി ജോര്‍ജ് അടക്കമുള്ള പരിസരവാസികള്‍ ജാതിയുടെ പേരില്‍ ഉപദ്രവിച്ചു എന്നാണ് പരാതി. വെള്ളമെടുക്കാനായി ഇവരെ പഞ്ചായത്ത് കിണറിന്റെ അരികിലേക്ക് പോലും പോകാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
റാന്നി പൊലീസിലും പത്തനംതിട്ട എസ്.പിക്കും പരാതി നല്‍കിയെങ്കിലും നടപടിയില്ലാതായതോടെ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്.സി.- എസ്.ടി. കമ്മീഷന്റെ ഇടപെടല്‍.