national news
വിശ്വഹിന്ദു പരിഷത്തിന്റെ പരാതി; ഗുജറാത്തില്‍ ക്രൈസ്തവസമ്മേളനം ഉപേക്ഷിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 10, 07:37 am
Saturday, 10th February 2024, 1:07 pm

അഹമ്മദാബാദ്: വിശ്വഹിന്ദു പരിഷത്ത് മതപരിവര്‍ത്തനശ്രമം ആരോപിച്ചതോടെ നര്‍മദ ജില്ലയിലെ ദെഡിയാപാഡയില്‍ നടത്താനിരുന്ന ക്രൈസ്തവസമ്മേളനം ഉപേക്ഷിച്ചു.

ഫെബ്രുവരി 11ന് നടക്കേണ്ട ആത്മീയ ജാഗൃതിസഭയെന്ന സമ്മേളനമാണ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.

വി.എച്ച്.പി., ബജ്രംഗ് ദള്‍, രാഷ്ട്രീയ ആദിവാസി മഞ്ച് എന്നിവര്‍ ഈ പരിപാടി മേഖലയിലെ ആദിവാസികളുടെ മതപരിവര്‍ത്തനത്തിന് ഉദ്ദേശിച്ചുള്ളതാണെന്ന് പറഞ്ഞ് കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനെതിരെ ഗ്രാമത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

ആദിവാസികളെ മതംമാറ്റുകയാണ് ലക്ഷ്യമെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി പരിപാടിയുടെ സംഘാടകരെ വിളിപ്പിച്ചു. അതോടെ സംഘാടകര്‍ സമ്മേളനം ഉപേക്ഷിക്കുകയായിരുന്നു.

‘ആത്മീയ സമ്മേളനത്തിന്റെ പേരില്‍, ക്രിസ്ത്യാനികള്‍ ആദിവാസികളെ ക്രിസ്ത്യന്‍ മതവിശ്വാസത്തിലേക്ക് മാറ്റുന്നതിനുള്ള ഒരു പരിപാടി സംഘടിപ്പിക്കുകയാണ്’ എന്നാണ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ ആത്മീയപ്രഭാഷണങ്ങളും പ്രാര്‍ഥനകളും മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും പ്രതിഷേധം ഭയന്നാണ് സമ്മേളനം ഉപേക്ഷിച്ചതെന്നും സംഘാടകസമിതിയംഗമായ അമര്‍സിങ് വസവ പറഞ്ഞു. സമ്മേളനം നടത്തില്ലെന്ന് സമസ്ത ക്രിസ്തി സമാജ് അറിയിച്ചതായി ജില്ലാ പൊലീസ് മേധാവിയും പറഞ്ഞു.

Content Highlight: Complaint by VHP; The Christian conference was abandoned in Gujarat