കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന രീതിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് എ.ഐ.വൈ.എഫ് നേതാവിനെതിരെ ബി.ജെ.പി പരാതി നല്‍കി.
എ.ഐ.വൈ.എഫ് ജില്ലാ നേതാവും എറണാകുളം ജില്ലാ പഞ്ചായത്തംഗവുമായ അഫ്‌സല്‍ പാറേക്കാടനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ യുവജന സംഘടന യുവമോര്‍ച്ചയാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
നരേന്ദ്ര മോദിയുടെ പോസ്റ്ററില്‍ ചവിട്ടിയെന്നും പ്രധാനമന്ത്രിയെ അവഹേളിച്ചെന്നുമാണ് പരാതിയില്‍ നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയ വിവരം ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച നടന്ന ഹര്‍ത്താലിനിടെ അഫ്‌സല്‍ നരേന്ദ്രമോദിയുടെ പോസ്റ്ററില്‍ ചവിട്ടുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയില്‍ നടന്ന പ്രതിഷേധനമാണ് എ.ഐ.വൈ.എഫ് നടത്തിയതെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്ത് വരികയായിരുന്നു.
തുടര്‍ന്നാണ് ബി.ജെ.പി പൊലീസില്‍ പരാതി നല്‍കിയത്. പരിപാടിക്ക് നേതൃത്വം നല്‍കിയ എറണാകുളം ജില്ലാ പഞ്ചായത്തംഗം അഫ്‌സലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.