രണ്ടരവര്‍ഷത്തിന് ശേഷം അജിത് ആരാധകര്‍ തങ്ങളുടെ ഇഷ്ടനടനെ സ്‌ക്രീനില്‍ കണ്ട ചിത്രമാണ് വിടാമുയര്‍ച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം അജിത് എന്ന താരത്തിന്റെ മുന്‍ചിത്രങ്ങളുമായി യാതൊരു സാമ്യവും ഇല്ലാത്ത ഒന്നാണ്. യാതൊരു പഞ്ച് ഡയലോഗോ ഓവര്‍ ദി ടോപ്പ് ഫൈറ്റോ ഇല്ലാത്ത സിമ്പിള്‍ ആയിട്ടുള്ള ചിത്രമാണ് വിടാമുയര്‍ച്ചിയെന്നാണ് സംവിധായകന്‍ അവകാശപ്പെട്ടത്.
1997ല്‍ പുറത്തിറങ്ങിയ ബ്രേക്ക്ഡൗണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിടാമുയര്‍ച്ചി. ദൂരയാത്രക്ക് പോകുന്ന ദമ്പതികള്‍ക്ക് വഴിമധ്യേ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതിനെ തരണം ചെയ്യുന്നതുമാണ് ബ്രേക്ക്ഡൗണിന്റെ ഇതിവൃത്തം. ഒന്നരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം തമിഴിലേക്ക് എത്തിയപ്പോള്‍ രണ്ടരമണിക്കൂറുള്ള സിനിമയായി മാറി.
അജിത് ആരാധകരെ തൃപ്തിപ്പെടുത്താന്‍ രണ്ട് പാട്ടുകളും ക്യാരക്ടര്‍ ഡെവലപ്‌മെന്റിനുമായാണ് സംവിധായകന്‍ ഒരുമണിക്കൂര്‍ അധികം എടുത്തത്. അജിത്തിനെ പോലൊരു സൂപ്പര്‍താരം ഇത്തരമൊരു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് തന്നെയാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ആകര്‍ഷണം. താരമെന്നതിലുപരി അജിത്തിലെ നടനെയാണ് മഗിഴ് തിരുമേനി വിടാമുയര്‍ച്ചിയില്‍ കാണിച്ചത്.
വിടാമുയര്‍ച്ചിയോടൊപ്പം പരാമര്‍ശിക്കേണ്ട മറ്റൊരു ചിത്രമാണ് 2023ല്‍ പുറത്തിറങ്ങിയ ലിയോ. 2005ല്‍ റിലീസായ ഹോളിവുഡ് ചിത്രം ‘എ ഹിസ്റ്ററി ഓഫ് വയലന്‍സിന്റെ റീമേക്കായാണ് ലോകേഷ് ലിയോ ഒരുക്കിയത്. ഒറിജിനല്‍ വേര്‍ഷനില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ തമിഴിലെത്തിയപ്പോള്‍ സംഭവിച്ചു. ഒന്നര മണിക്കൂര്‍ മാത്രമുള്ള ഒറിജിനല്‍ വേര്‍ഷന്‍ തമിഴിലെത്തിയപ്പോള്‍ മൂന്ന് മണിക്കൂറിനടുത്തുള്ള ചിത്രമായി മാറി.
ഇരുണ്ട ഭൂതകാലം പേറുന്ന നായകന്‍ കഴിഞ്ഞകാലത്തില്‍ ആരായിരുന്നു എന്ന് വില്ലന്മാരും നായകനും തമ്മിലുള്ള സംഭാഷണത്തിലൂടെ മാത്രമാണ് പ്രേക്ഷകരെ അറിയിക്കുന്നത്. നായകന്‍ എത്രമാത്രം ശക്തനായിരുന്നു എന്ന് ആ ഡയലോഗിലൂടെ കാണുന്നവര്‍ക്ക് മനസിലായിട്ടുണ്ട്. എന്നാല്‍ തമിഴിലേക്ക് എത്തിയപ്പോള്‍ ആ ഭാഗത്തെ സംവിധായകന്‍ മൊത്തത്തില്‍ പൊളിച്ചെഴുതി.
നായകന് ഫ്‌ളാഷ്ബാക്ക് സീനില്‍ രണ്ട് ഫൈറ്റും ഒരു അടിച്ചുപൊളി പാട്ടും ഒറിജിനലില്‍ നിന്ന് വ്യത്യസ്തമായ ബാക്ക് സ്റ്റോറിയും നല്‍കിയാണ് ലോകേഷ് ലിയോ ഒരുക്കിയത്. ആരാധകര്‍ക്ക് ആ ഭാഗം ഇഷ്ടമായെങ്കിലും ചിലയിടത്ത് നിന്ന് നല്ല വിമര്‍ശനം ലഭിച്ചു. പ്രേക്ഷകര്‍ക്ക് കണക്ടാകാത്ത ഫ്‌ളാഷ്ബാക്കെന്ന വിമര്‍ശനവും ലോകേഷ് കേള്‍ക്കേണ്ടി വന്നു.
മികച്ച കണ്ടന്റുള്ള അന്യഭാഷാ സിനിമകള്‍ തമിഴില്‍ സൂപ്പര്‍താരങ്ങളെ വെച്ച് റീമേക്ക് ചെയ്യുമ്പോള്‍ സംവിധായകന് വലിയൊരു ബാധ്യതയായി മാറുന്നത് നടന്മാരുടെ സ്റ്റാര്‍ഡമാണ്. ആരാധകരെ തൃപ്തിപ്പെടുത്താനും നിര്‍മാതാവിനെ സേഫ് ആക്കാനുമുള്ള വലിയൊരു ഭാരം സംവിധായകന്‍ ചുമക്കേണ്ടി വരുന്നുണ്ട്. മാറ്റം ഉള്‍ക്കൊള്ളാന്‍ നായകന്മാര്‍ തയാറായാലും ആരാധകരും നിര്‍മാതാക്കളും അതിന് വിലങ്ങുതടിയാകുന്നതാണ് ഈ രണ്ട് സിനിമയിലും കാണേണ്ടിവന്നത്.
Content Highlight: Comparing Vidamuyarchi and Leo to their original versions