ഫലസ്തീന്‍ അനുകൂല ക്യാമ്പ് നീക്കം ചെയ്യാന്‍ വിസമ്മതിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ട സസ്പെന്‍ഷന്‍ നല്‍കി കൊളംബിയ യൂണിവേഴ്‌സിറ്റി
World News
ഫലസ്തീന്‍ അനുകൂല ക്യാമ്പ് നീക്കം ചെയ്യാന്‍ വിസമ്മതിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ട സസ്പെന്‍ഷന്‍ നല്‍കി കൊളംബിയ യൂണിവേഴ്‌സിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2024, 12:16 pm

 

കൊളംബിയ: ഐവി ലീഗ് ഇന്‍സ്റ്റിറ്റിയൂഷന്‍ നല്‍കിയ സമയ പരിധി ലംഘിച്ച് ഗസ സോളിഡാരിറ്റി ക്യാമ്പില്‍ നിന്നും പുറത്തു പോവാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത് കൊളംബിയ യൂണിവേഴ്‌സിറ്റി. യൂണിവേഴ്സിറ്റിയും സമരക്കാരും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

യൂണിവേഴ്‌സിറ്റിയിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ അക്കാദമിക്ക് വര്‍ഷം ആരംഭിക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട പരിപാടികള്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ നടക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ക്യാമ്പുകള്‍ എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു. എന്നാല്‍ യൂണിവേഴ്‌സിറ്റി ഫലസ്തീന്‍ വിരുദ്ധ പ്രജരണമാണ് നടത്തുന്നതെന്ന് സമര നേതാവ് മഹമൗദ് ഖാലി പറഞ്ഞു.

തുടര്‍ന്ന് ക്യാമ്പുകള്‍ മാറ്റാത്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുകയാണെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

രണ്ട് മണിക്ക് ശേഷം ക്യാമ്പുകള്‍ എടുത്തുമാറ്റണം എന്ന യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശം ലംഘിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ തന്നെ തമ്പടിച്ചത്.

സര്‍വകലാശാലയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രതിഷേധം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി അധ്യാപകരും ക്യാമ്പുകള്‍ക്ക് പുറത്ത് തങ്ങുകയുണ്ടായി.

ഇസ്രഈലുമായുള്ള ബന്ധം യൂണിവേഴ്‌സിറ്റി പൂര്‍ണമായി അവസാനിപ്പിക്കണം എന്ന സമരക്കാരുടെ ആവശ്യം തള്ളിയതായി കൊളംബിയ പ്രസിഡന്റ് മീന്വച്ചേ ഷഫീക് മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും സമരക്കാര്‍ പുതിയ ആവശ്യങ്ങള്‍ പറയുകയാണെങ്കില്‍ അത് പരിഗണിക്കണോ എന്ന് ആലോചിക്കാന്‍ സമയം നല്‍കാമെന്നും പ്രസിഡണ്ട് പറഞ്ഞു.

1964ലെ പൗരാവകാശ നിയമം യൂണിവേഴ്‌സിറ്റി പാലിക്കുന്നിന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ യു.സ് വിദ്യാഭ്യാസ വകുപ്പിന്റെ പൗരത്വ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ന്യൂസ് ഏജന്‍സി എ.പി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ടെക്‌സാസ് സര്‍വ്വകലാശാലയില്‍ നടന്ന സമരത്തില്‍ പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം നടക്കുകയും പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കുരുമുളക് സ്‌പ്രൈയും, സിപ് ടൈസും ഉപയോഗിക്കുകയും 40 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഗസക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ സമരത്തില്‍ 20 ഓളം യു.സ് സര്‍വ്വകലാശാലകള്‍ പങ്കെടുക്കുകയും, ഒരുമാസത്തിനിടെ 800 ഓളം വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Content Highlight: Columbia students suspended for refusing to clear out pro-Palestine encampment