'കൈപ്പത്തിക്ക് പകരം താമര'; വിശദീകരണത്തില്‍ ഉരുണ്ടു കളിച്ച് വാസുകി; ഫേസ്ബുക്ക് വീഡിയോയിലും പോസ്റ്റിലും പറയുന്നത് വ്യത്യസ്ത കാര്യങ്ങള്‍
തിരുവനന്തപുരം: കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്തയില്‍ നല്‍കിയ വിശദീകരണത്തില്‍ ഉരുണ്ടു കളിച്ച് കളക്ടര്‍ കെ. വാസുകി.
ഫേസ്ബുക്കില്‍ വാസുകി എഴുതിയ പോസ്റ്റില്‍ ‘വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നുമാണ് പറയുന്നത്.
ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നുമായിരുന്നു വാസുകി പറഞ്ഞത്.
എന്നാല്‍ തൊട്ടുപിന്നാലെ വാസുകി ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞത് പ്രസ്തുത ബൂത്തില്‍ 76 പേര്‍ വോട്ട് ചെയ്തു കഴിഞ്ഞ് 77 ാമത്തെ ആള്‍ വന്നപ്പോള്‍ ഇ.വി.എം ജാമായെന്നും തുടര്‍ന്ന് ഇ.വി.എം മാറ്റിവെച്ചുവെന്നുമാണ്. 151 ാം ബൂത്തില്‍ ഇ.വി.എം തകരാറിലായെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് വാസുകി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അതേസമയം ഫേസ്ബുക്ക് പോസ്റ്റിലും ലൈവിലും ഇ.വി.എമ്മില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിക്ക് വോട്ട് പോകുമെന്നത് സാങ്കേതികമായി അസാധ്യമാണെന്ന് വാസുകി ആവര്‍ത്തിക്കുന്നുമുണ്ട്.
ഫേസ്ബുക്ക് ലൈവിലെ വാസുകിയുടെ വാക്കുകള്‍ ഇങ്ങനെ” കുറച്ച് സമയം മുന്‍പ് വലിയ രീതിയില്‍ ഒരു ഫേക്ക് ന്യൂസ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവളത്തെ ബൂത്ത് നമ്പര്‍ 151 ചൊവ്വര ബൂത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് പോകുന്നുണ്ട് എന്ന് തെറ്റായ ഒരു വാര്‍ത്ത പ്രചരിക്കുകയാണ്. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് നിങ്ങളുടെ മുന്നിലെത്തിയത്. ആദ്യം നമ്മള്‍ മനസിലാക്കേണ്ടത് ഇങ്ങനെ ഒരു പിഴവ്, അതായത് ഏത് ബട്ടണ്‍ അമര്‍ത്തിയാലും ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിക്ക് വോട്ട് പോകുമെന്ന വിഷയം ടെക്‌നിക്കലിയും ടെക്‌നോളജിക്കലിയും അസാധ്യമാണ്. ആ രീതിയില്‍ നമുക്ക് ഇ.വി.എമ്മിനെ അട്ടിമറിക്കാനോ ഒരിക്കലും സാധിക്കില്ല. ഇവിടെ സംഭവിച്ചത് എന്താണെന്നാല്‍ 76 വോട്ട് വളരെ സക്‌സസ്ഫുളായി പോള്‍ ചെയ്തു കഴിഞ്ഞ ശേഷം 77 ാമത്തെ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ ബാലറ്റ് യൂണിറ്റ് ജാമായി. മെഷീന്റെ ഒരു ചെറിയ പിഴവാണ് ഇത്. അങ്ങനെയുള്ള സമയങ്ങളില്‍ നമ്മുടെ പ്രൊസീജ്യര്‍ എന്താണെന്നാല്‍ ഉടന്‍ തന്നെ ഇ.വി.എം മാറ്റുക എന്നതാണ്, ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന ആ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇ.വി.എം മെഷീന്‍ മാറ്റി. ഇപ്പോള്‍ പോളിങ് വളരെ സുഗമമായി നടക്കുകയാണ്. പോളിങ് അവസാനിപ്പിച്ചിട്ടില്ല. ആ പോളിങ് ബൂത്തില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. എല്ലാവര്‍ക്കും വളരെ ആത്മവിശ്വാസത്തോടെ വന്ന് വോട്ട് ചെയ്യാന്‍ കഴിയും. ”- എന്നായിരുന്നു വാസുകി പറഞ്ഞത്.
തിരുവനന്തപുരം ചൊവ്വരയിലെ 151ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ വിലാസം സ്‌കൂളില്‍ പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. 76 വോട്ടുകളാണ് ഇതുവരെ ബൂത്തില്‍ പോള്‍ ചെയ്തത്.
യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ പോളിങ് നിര്‍ത്തി വെച്ചിരുന്നു. കോവളം എം.എല്‍.എ വിന്‍സെന്റ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പരാതി ആദ്യമൊന്നും ചെവിക്കൊള്ളാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്നും പിന്നീട് കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തിവെക്കുകയായിരുന്നുവെന്നും വിന്‍സന്റ് എം.എല്‍.എ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങില്‍ റിപ്പോര്‍ട്ട് ചെയ്ത വോട്ടിംഗ് യന്ത്രത്തിന്റെ തകരാറില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു.
വോട്ടിംഗ് യന്ത്രത്തെ കുറിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതിയുണ്ട്. അങ്ങനെ ഒരു പരാതി ഉയരുന്ന ഘട്ടത്തില്‍ ഓരോ ബൂത്തിലും വെക്കുന്ന വോട്ടിംഗ് യന്ത്രത്തിന് തകരാറില്ല എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പു വരുത്തണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.