Film News
'ഇത് എന്റെ ടെറിട്ടറി'; കേരളത്തിലെ കളക്ഷനില്‍ മുന്നില്‍ നേര്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 25, 04:11 pm
Monday, 25th December 2023, 9:41 pm

കേരള ബോക്‌സ് ഓഫീസിന് ഈ ക്രിസ്മസ് കാലം ചാകരയാണ്. പ്രഭാസ് ചിത്രം സലാറും മോഹന്‍ലാല്‍ ചിത്രം നേരും ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കിയും തിയേറ്ററുകളെ നിറക്കുകയാണ്. കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ നേരാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

റിലീസിന് മുമ്പ് സജീവ ചര്‍ച്ചയിലുണ്ടായിരുന്നത് സലാറും ഡങ്കിയുമായിരുന്നു. ഇരുചിത്രങ്ങളേയും അപേക്ഷിച്ച് നേരിന് മേലുള്ള ചര്‍ച്ച കുറവായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് റെസ്‌പോണ്‍സ് വന്നാല്‍ എല്ലാം മാറും എന്ന സിദ്ദീഖിന്റെ വാക്കുകളെ ശരി വെക്കുന്ന കാഴ്ചയായിരുന്നു ഡിസംബര്‍ 21 മുതല്‍ തിയേറ്ററുകളില്‍ കണ്ടത്.

റിലീസ് ചെയ്ത് അഞ്ചാം ദിനത്തില്‍ കേരളത്തില്‍ നിന്നും 12 കോടി രൂപയാണ് നേര് നേടിയിരിക്കുന്നത്. അതേസമയം ഡിസംബര്‍ 25 ആകുമ്പോഴേക്കും എട്ട് കോടി രൂപയാണ് സലാര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തിയ സലാര്‍ 3.92 കോടിയാണ് ആദ്യദിനം തിയേറ്ററില്‍ നിന്നും നേടിയത്. രണ്ടാം ദിനമായപ്പോഴേക്കും 1.9 കോടിയായി കളക്ഷന്‍. ആദ്യദിനത്തെക്കാള്‍ കൂടുതല്‍ കളക്ഷന്‍ പിന്നീടുള്ള ദിവസങ്ങളില്‍ നേടാന്‍ നേരിന് സാധിച്ചു. റിലീസ് ദിനത്തില്‍ 2.2 കോടിയും ശനിയാഴ്ച 3.9 കോടിയും നേടി. നേര് റിലീസ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് സലാര്‍ റിലീസ് ചെയ്തത് എന്നതും ഈ കണക്കില്‍ പരിഗണിക്കേണ്ടതുണ്ട്.

അതേസമയം ആഗോളതലത്തില്‍ സലാര്‍ കളക്ഷനില്‍ വലിയ കുതിപ്പ് നടത്തുന്നുണ്ട്. ആഗോളതലത്തില്‍ 375 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശ്രിയ റെഡ്ഡി, ശ്രുതി ഹാസന്‍, ബോബി സിംഹ, ജഗപതി ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്ന് എഴുതിയിരിക്കുന്ന ചിത്രത്തില്‍ അനശ്വര രാജന്‍, പ്രിയ മണി, സിദ്ദീഖ്, ഗണേഷ് കുമാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Collection of neru and salaar in kerala