തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്ലാന്റിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ത്രിതല അന്വേഷണത്തിനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ പൊലീസ് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പ്രത്യേക സംഘം അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും കൊച്ചി കോര്‍പ്പറേഷന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിലുമായിരിക്കും പ്രധാനമായും അന്വേഷണം നടക്കുകയെന്നും അദ്ദേഹം സഭയെ അറിയിച്ചു.
‘ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട ക്രമിനല്‍ കേസ് അന്വേഷിക്കാന്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളിലും വിജിലന്‍സ് അന്വേഷണം നടത്തും.
തീപിടിത്തത്തെക്കുറിച്ച് പഠിക്കാനും മാലിന്യ സംസ്‌കരണത്തിന്റെ സാധ്യതകളെക്കുറിച്ച് വിലയിരുത്താനുമായി വിദഗ്ദ സമിതിയെ നിയോഗിക്കും. തീപിടിത്തത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ചും ഭാവിയില്‍ ദുരന്തമുണ്ടാവാതിരിക്കാനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും,’ മുഖ്യമന്ത്രി പറഞ്ഞു.
ബ്രഹ്മപുരം ദുരന്തത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടെന്നും മറ്റ് ആരോപണങ്ങള്‍ അനാവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദുരന്തമുണ്ടായ സമയത്ത് തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്തെന്നും ഒരോ മന്ത്രിസഭാംഗങ്ങളും കൃത്യമായി ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു.
‘ബ്രഹ്മപുരത്ത് വേര്‍ത്തിരിക്കാതെ നിരവധി വര്‍ഷങ്ങളായി നിക്ഷേപിച്ച മാലിന്യത്തിനാണ് തീ പിടിച്ചത്. തീ ആറുമീറ്ററോളം ഉയരത്തില്‍ കത്തിയത് രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കി. എങ്കിലും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെയും ദുരന്തനിവാരണ സേനയുടെയും കാര്യക്ഷമമായ ഇടപെടല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
മന്ത്രിമാര്‍ കാര്യക്ഷമമായി ദുരാതാശ്വാസ പ്രവര്‍ത്തികളെ ഏകോപിപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് വിഷയത്തില്‍ കൃത്യമായി ഇടപെട്ടിട്ടുണ്ട്,’ മുഖ്യമന്ത്രി സഭയെ അറിയിച്ചു.
Content Highlight: CM pinarayi vijayann investigate brahmapuram issue