എന്തുകൊണ്ട് നിപ വീണ്ടും കോഴിക്കോട്? കേരളം പഠനം നടത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: നിപ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും വൈറസ് രോഗത്തെ നേരിടാന്‍ സംസ്ഥാനത്ത് ലാബുകള്‍ സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
എന്തുകൊണ്ട് നിപ വീണ്ടും കോഴിക്കോട് പൊട്ടിപ്പുറപ്പെട്ടുവെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിട്ടില്ലെന്നും സംസ്ഥാനം ഇക്കാര്യത്തില്‍ പഠനം നടത്തുമെന്നും ഏഴ് മാസത്തിന് ശേഷം നല്‍കിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
2018ലും 19ലും ഉണ്ടായ സമാന കാര്യങ്ങളാണ് ഇത്തവണയും കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല. ഐ.സി.എം.ആറിന്റെ പഠന റിപ്പോര്‍ട്ട് കേരളത്തിന് ലഭ്യമാകും.
വിദഗ്ധസമിതിയുടെ നിര്‍ദേശമനുസരിച്ച് നിയന്ത്രിത മേഖലകളിലെ കടകള്‍ തുറക്കുന്നത് വൈകിട്ട് അഞ്ച് മണി വരെ എന്നത് രാത്രി എട്ട് ആക്കി. സമയത്തില്‍ മാറ്റം വരുത്തുന്നത് സെപ്റ്റംബര്‍ 22ന് ശേഷം വീണ്ടും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിപ വൈറസിന്റെ വ്യാപനം തടയാന്‍ ലാബുകള്‍ സജ്ജമാണെന്നും ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 1286 പേരാണ് സമ്പര്‍ക്ക പട്ടികയില്‍. നിപ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സമ്പര്‍ക്ക പട്ടിക ഇനിയും കൂടിയേക്കുമെന്നും എന്നാല്‍ നിപയെ നേരിടാന്‍ സംസ്ഥാനത്ത് ലാബുകള്‍ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ഫലപ്രദമായി. വൈറസ് തുടക്കത്തില്‍ കണ്ടെത്തിയതിനാല്‍ അപകടകരമായ സാഹചര്യം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CM Pinarayi Vijayan on Nipah