സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടപ്പോള്‍ ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ ധീരമായി പൊരുതി രക്തസാക്ഷിയായ ആളാണ് വാരിയംകുന്നത്ത്: പിണറായി വിജയന്‍
Kerala News
സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടപ്പോള്‍ ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ ധീരമായി പൊരുതി രക്തസാക്ഷിയായ ആളാണ് വാരിയംകുന്നത്ത്: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th December 2021, 1:15 pm

മലപ്പുറം: മലബാര്‍സമര നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സവര്‍ക്കറെയും പ്രസംഗത്തില്‍ പ്രതിപാദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

മലബാര്‍ സമരത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ആ സമയങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുത്തയാളാണ് വാരിയംകുന്നത്തെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

സി.പി.ഐ.എം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

”വര്‍ഗീയ നിലപാട് സ്വീകരിച്ച പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നത്ത്. അദ്ദേഹത്തെയാണ് ചിലര്‍ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത്.

മലബാര്‍ സമരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഹിന്ദു വര്‍ഗീയവാദികളും ഇസ്‌ലാമിക തീവ്രവാദികളും ശ്രമിക്കുന്നു. അവര്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്.

ലൗ ജിഹാദെന്ന പേരിലും ഹലാല്‍ ഭക്ഷണത്തിന്റെ പേരിലും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചു. അതാണ് നാം കണ്ടത്,” പിണറായി വിജയന്‍ പറഞ്ഞു.

സംഘപരിവാര്‍ ഉദ്‌ഘോഷിക്കുന്ന വീര്‍ സവര്‍ക്കര്‍ക്കെതിരായും മുഖ്യമന്ത്രി സംസാരിച്ചു.

സ്വാതന്ത്ര്യസമരത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്താണ് സംഘപരിവാര്‍ വീരസവര്‍ക്കര്‍ എന്നുവിളിക്കുന്ന സവര്‍ക്കര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ധീരമായി പോരാടി വെടിയുണ്ടയേറ്റുവാങ്ങിയാണ് വാരിയംകുന്നത്തിനെപ്പോലെയുള്ളവര്‍ രക്തസാക്ഷികളായതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

യു.ഡി.എഫ് വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടുകയാണെന്നും ഹിന്ദുത്വ രാഷ്ട്രീയവുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിന് രാജ്യത്തെ ബദലാകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ പറയുന്നു.

”ആര്‍.എസ്.എസ് മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് പകരമാകാന്‍ കോണ്‍ഗ്രസിന് കഴിയല്ല. ആര്‍.എസ്.എസ് നേരത്തെ തന്നെ അവരുടെ ആഭ്യന്തര ശത്രുക്കളെ പ്രഖ്യാപിച്ചിട്ടുണ്ട്. ആ നയമാണ് രാജ്യത്ത് ബി.ജെ.പി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

ആര്‍.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് പകരം മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസിന് ആശയമില്ല. അതിനാലാണ് പല കോണ്‍ഗ്രസുകാരും ബി.ജെ.പിയിലേക്ക് പോകുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ബി.ജെ.പിയെ നേരിടാന്‍ പ്രാദേശികമായി സഖ്യങ്ങള്‍ വേണമെന്നും ഇടതുപക്ഷത്തിന്റെ നയം അതിന് സഹായിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളാണ് ഇന്ന് തുടങ്ങിയത്. പത്തനംതിട്ട ജില്ലാ സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയാണ് ഉദ്ഘാടനം ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: CM Pinarayi Vijayan mentions Savarkar and Variyamkunnath in his speech