'ഗസയിൽ സിവിലിയന്മാർ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ല'; ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ
national news
'ഗസയിൽ സിവിലിയന്മാർ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ല'; ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th January 2024, 11:57 am

ന്യൂദൽഹി: ഗസയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സിവിലിയന്മാർ കൊല്ലപ്പെടുന്നതിനെ അപലപിച്ച് ഇന്ത്യ.

തർക്കത്തിനുള്ള ഏക സമാധാനമായ പരിഹാരം ചർച്ചയും നയതന്ത്രവുമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ നടന്ന യോഗത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.

‘ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ വലിയതോതിൽ സിവിലിയന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും. മാനുഷികപരമായ വലിയ പ്രതിസന്ധിയാണ് അവർ നേരിടുന്നത്.

ഇത് ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല. സിവിലിയന്മാരുടെ മരണത്തിൽ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.

അതേസമയം, പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം ഒക്ടോബർ ഏഴിന് ഇസ്രഈലിനെതിരെ നടന്ന ഭീകരാക്രമണമാണ് എന്നും ഞങ്ങൾക്കറിയാം. അതും വളരെയധികം നടുക്കുന്നതും അപലപനീയവുമാണ്.

തീവ്രവാദത്തോട് യാതൊരു സന്ധിയുമില്ലെന്ന സമീപനമാണ് ഇന്ത്യയുടേത്,’ യോഗത്തിൽ കാംബോജ് പറഞ്ഞു.

അതേസമയം ഗസയിലെ സാഹചര്യത്തെ സ്വാഭാവികവത്കരിക്കുകയാണ് ഇന്ത്യയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

കൂടുതൽ മാനുഷിക സഹായം എത്തിക്കാൻ തങ്ങൾ ആവശ്യപ്പെട്ടതായും രക്ഷാ സമിതിയിലെ 2720 പ്രമേയം കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാംബോജ് പറഞ്ഞു.

16.5 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളുമുൾപ്പെടെ 70 ടൺ സഹായ സാമഗ്രികൾ ഇന്ത്യ കൈമാറിയിട്ടുണ്ടെന്നും യു.എൻ.ആർ.ഡബ്ല്യു.എയിലേക്ക് 2.5 മില്യൺ യു.എസ് ഡോളർ കൈമാറിയിട്ടുണ്ടെന്നും കാംബോജ് അറിയിച്ചു.

Content Highlight: ‘Clearly unacceptable…’: India’s strong words at UNGA on Israel-Hamas war