വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്ന് മസ്ജിദ് കമ്മിറ്റി. ഗ്യാന്‍വാപി കേസില്‍ പരാതി നല്‍കിയവരുടെ കൈയില്‍ തെളിവില്ലെന്നും മസ്ജിദ് കമ്മിറ്റി കോടതില്‍ വാദിച്ചു.
ശിവലിംഗം കണ്ടെത്തിയെന്ന് സര്‍വേ നടത്തിയ അഭിഭാഷകര്‍ അഭ്യൂഹം പരത്തിയത് പ്രകോപനപരമായെന്നും വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നും മസ്ജിദ് കമ്മിറ്റി വാരാണസി ജില്ലാകോടതിയില്‍ പരാതിയുന്നയിച്ചു.
തെളിവില്ലാത്ത ഹരജി തുടക്കത്തിലേ തള്ളണമായിരുന്നു. പരാതിയിലെ വൈരുദ്ധ്യങ്ങള്‍ കോടതിയെ രേഖാമൂലം അറിയിച്ചെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.
ശിവലിംഗം കണ്ടെത്തിയതായി പറയുന്നത് ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി(ഹൗദ്/വുസു ഖാന)യിലെ വാട്ടര്‍ ഫൗണ്ടന്‍ ആണിതതെന്നും മസ്ജിദ് അധികൃതര്‍
നേരത്തെ അറിയിച്ചിരുന്നു.
കേസില്‍ വാരാണസി ജില്ലാ കോടതിയിലെ വാദം കേള്‍ക്കല്‍ ഇന്നും തുടരും. സര്‍വേ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് കോടതി നിര്‍ദേശം പ്രകാരം കക്ഷികള്‍ക്ക് നല്‍കി.