ന്യൂദല്‍ഹി: രാജ്യത്തെ റോഡപകടങ്ങള്‍ക്ക് കാരണം സിവില്‍ എഞ്ചിനീയര്‍മാരെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി. ഇവരെക്കൂടാതെ കണ്‍സല്‍ട്ടന്റുമാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ഇരുകൂട്ടര്‍ക്കുമെതിരേയും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. ഗ്ലോബല്‍ റോഡ് ഇന്‍ഫ്രാടെക് സമ്മിറ്റ് ആന്‍ഡ് എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ സിവില്‍ പിഴവുകളും മോശം റോഡ് ഡിസൈനുകളുമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് പറഞ്ഞ മന്ത്രി ആരും ഈ അപകടങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദികളല്ലെന്നും വ്യക്തമാക്കി.
‘ഇന്ത്യയില്‍, റോഡപകടങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നത് രാജ്യത്തിന് നല്ലതല്ല. എല്ലാ വര്‍ഷവും ഇന്ത്യയില്‍ 4,80,000 റോഡപകടങ്ങളും 1,80,000 മരണങ്ങളും സംഭവിക്കുന്നു. ഒരുപക്ഷേ ലോകത്തിലെത്തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഈ മരണങ്ങളില്‍ 66.4%വും 18നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. ഏകദേശം 4,00,000 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുന്നുണ്ട്. ഇരുചക്ര വാഹന യാത്രികരും കാല്‍നടയാത്രക്കാരുമാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമടക്കം കഴിവുള്ള യുവാക്കളെ നഷ്ടപ്പെടുന്നത് നമ്മുടെ രാജ്യത്തിന് വലിയ നഷ്ടമാണ്,’ ഗഡ്കരി പറഞ്ഞു.
റോഡുകളുടെ ആസൂത്രണത്തിലും രൂപകല്‍പ്പനയിലും വന്ന പോരായ്മകള്‍ക്ക് സിവില്‍ എഞ്ചിനീയര്‍മാരുടെ തെറ്റാണെന്നും എന്നാല്‍ എല്ലാവരെയും താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ 10 വര്‍ഷത്തെ തന്റെ അനുഭവത്തിലൂടെ റോഡപകങ്ങളിലെ പ്രധാന കാരണക്കാര്‍ ഡി.പി.ആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) തയ്യാറാക്കുന്നവരാണെന്നും ആയിരക്കണക്കിന് തെറ്റുകളാണ് വരുത്തുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ആളുകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ റോഡ് സൈനുകളും മറ്റ് സിഗ്നല്‍ സംവിധാനങ്ങളും സ്‌പെയിന്‍, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപര്യാപ്തമാണെന്ന് മന്ത്രി വിമര്‍ശിച്ചു. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച സാങ്കേതികവിദ്യകളും സുസ്ഥിര നിര്‍മാണ സാമഗ്രികളും സ്വീകരിക്കണമെന്നും അദ്ദേഹം വ്യവസായ മേഖലയോട് ആവശ്യപ്പെട്ടു.
റോഡ് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട്, 2030 ആകുമ്പോഴേക്കും അപകടനിരക്ക് 50 ശതമാനം കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. റോഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, കര്‍ശനമായ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതിനും, അടിയന്തര മെഡിക്കല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാരും വ്യവസായമേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു.
Content Highlight: Civil engineers are responsible for road accidents in the country, case should be file against them says Nitin Gadkari