കൊറോണ കാലത്ത് നടക്കുന്ന ഒരു ബാങ്ക് കൊള്ളയും അതിനോട് അനുബന്ധിച്ച് നടക്കുന്ന മരണങ്ങളും കേന്ദ്രീകരിച്ചാണ് കൊറോണ പേപ്പേഴ്‌സ് മുന്നോട്ട് പോകുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം, സിദ്ദീഖ്, ജീന്‍ പോള്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
കൊള്ളയും കേസുമൊക്കെ വരുന്നത് കൊണ്ട് തന്നെ പൊലീസ് സ്റ്റേഷനും പൊലീസുകാരും ചിത്രത്തില്‍ പ്രധാന ഘടകങ്ങളാണ്. ലീനിയറായി കാലത്തിനനുസരിച്ച് മേക്കിങ്ങില്‍ മാറ്റം വരുത്തിയാണ് കൊറോണ പേപ്പേഴ്‌സ് പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പൊലീസിന്റെ നീക്കങ്ങളില്‍ ചില പാളിച്ചകള്‍ സിനിമയില്‍ പറ്റിയിട്ടുണ്ട്.
രണ്ട് ചേസിങ് സീനുകളിലാണ് ഈ പിഴവ് വന്നിരിക്കുന്നത്. അതീവ ക്രിമിനല്‍ ബുദ്ധിയുള്ള ആളാണ് ചിത്രത്തിലെ പ്രതി. അങ്ങനെയുള്ള പ്രതി പൊലീസിനെ വെട്ടിച്ച് ഒരു മൃതദേഹം കടത്തുന്നുണ്ട്. ഇത്രയും ബുദ്ധിയുള്ള പ്രതിക്ക് മൃതദേഹത്തില്‍ ഒരു ഫോണ്‍ കാണുമെന്നും അത് ചേസ് ചെയ്ത് പൊലീസ് വരുമെന്നും ചിന്തിക്കാനാവുന്നില്ല.
രണ്ടാമത് അബദ്ധം പറ്റുന്നത് പൊലീസിനാണ്. ഒരേ സമയം രണ്ട് വഴിയില്‍ നായകനായ രാഹുല്‍ നമ്പ്യാരും മറ്റൊരു പൊലീസ് സംഘവും പ്രതിയെ പിന്തുടരുന്നുണ്ട്. കയ്യിലുള്ള ഫോണ്‍ മറ്റൊരു വാഹനത്തിലിട്ടാല്‍ പൊലീസിന് വഴിതെറ്റും എന്ന് ഇക്കാലത്ത് ഏത് പ്രതിയും ചിന്തിക്കുന്നതാണ്. പ്രതി അങ്ങനെ ചെയ്യുമെന്ന് ചിന്തിക്കാനും പൊലീസ് ബുദ്ധി വേണ്ട, കോമണ്‍സെന്‍സ് മതി. എന്നാല്‍ ആ കോമണ്‍സെന്‍സ് ഉപയോഗിക്കാതെ പോകുന്നത് ഒരു അബദ്ധമായി കണക്കാക്കാം. എങ്കിലും വഴിതെറ്റി പോവാനുള്ള സാധ്യത മറ്റൊരു പൊലീസുകാരന്‍ ചൂണ്ടി കാണിക്കുന്നത് പോലും അവര്‍ അവഗണിക്കുകയാണ്.
ഇത്ര മണ്ടന്മാരാണോ കേരള പൊലീസ് എന്നേ ഈ രംഗത്തില്‍ തോന്നുകയുള്ളൂ. മാത്രവുമല്ല വളരെ ഗൗരവമുള്ള ഈ രംഗത്തില്‍ ഒരു സി.ഐ.ഡി മൂസ റഫറന്‍സും വരുന്നുണ്ട്. അത് മനപ്പൂര്‍വമാണോ അറിയാതെ വന്നതാണോ എന്നറിയില്ല. കഥയിലെ സാഹചര്യത്തോട് ചേര്‍ന്ന് പോകുന്നതാണ് ഈ രംഗമെങ്കിലും ഈ സമയം ചിരിച്ചുമറിയാനേ പ്രേക്ഷകനാവൂ.
Conte t Highlight: cid moosa reference in corona papers