ദി ഹണ്‍ഡ്രഡില്‍ എതിരാളികളെയും ആരാധകരെയും ഒന്നടങ്കം അമ്പരപ്പിച്ച് സൂപ്പര്‍ താരം ക്രിസ് ജോര്‍ദന്‍. കഴിഞ്ഞ ദിവസം നടന്ന സതേണ്‍ ബ്രേവ് – വെല്‍ഷ് ഫയര്‍ മത്സരത്തിലാണ് ജോര്‍ദന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഫയറിനെ രണ്ട് റണ്‍സിന് തകര്‍ത്താണ് സതേണ്‍ ബ്രേവ് കരുത്ത് കാട്ടിയത്.
ക്രിസ് ജോര്‍ദന്‍ എന്ന ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്ററുടെ വെടിക്കെട്ടാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. മൂന്ന് ബൗണ്ടറിയും ഏഴ് സിക്‌സറുമായി 32 പന്തില്‍ നിന്നും പുറത്താകാതെ 70 റണ്‍സാണ് താരം നേടിയത്. 218.75 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ജോര്‍ദന്‍ റണ്ണടിച്ചുകൂട്ടിയത്.
ജോര്‍ദന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് സ്വന്തമാക്കി. 15 പന്തില്‍ 21 റണ്‍സ് നേടിയ ഓപ്പണര്‍ ഫിന്‍ അലനാണ് ബ്രേവിന്റെ രണ്ടാമത് മികച്ച സ്‌കോറര്‍.
ഫയറിനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രിദി, ഡേവിഡ് പെയ്ന്‍, വാന്‍ ഡെര്‍ മെര്‍വ്, ഡേവിഡ് വില്ലി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫയറിന് നിശ്ചിത പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അവസാന അഞ്ച് പന്തില്‍ ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കെ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത്, അവസാന പന്തില്‍ വിക്കറ്റ് നേടിയ ടൈമല്‍ മില്‍സ് മത്സരം ബ്രേവിന് അനുകൂലമാക്കുകയായിരുന്നു.
ബ്രേവിനായി ടൈമല്‍ മില്‍സ്, രെഹന്‍ അഹമ്മദ്, ക്രെയ്ഗ് ഓവര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജോര്‍ജ് ഗാര്‍ട്ടണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ക്രിസ് ജോര്‍ദന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ട്രോളുകളും ഉയരുന്നുണ്ട്. ജോര്‍ദന്റെ ബാറ്റിങ് കണ്ട് ബോധം പോയ മുംബെ ഇന്ത്യന്‍സ് ആരാധകരുടെ ബോധം ഇനിയും വന്നിട്ടില്ല എന്നതാണ് അതിലൊന്ന്. ഐപി.എല്‍ 2023ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അവസാന മത്സരങ്ങളിലിറങ്ങുകയും ബാറ്റിങ്ങിലോ ബൗളിങ്ങിലോ പറയത്തക്ക മികച്ച പ്രകടനം നടത്താതിരിക്കുകയും ചെയ്ത ജോര്‍ദന്‍ ഇംഗ്ലണ്ടില്‍ പോയി വെടിക്കെട്ട് നടത്തിയതിന്റെ ഷോക്കാണെന്നാണ് ഇതിനുയരുന്ന കമന്റ്.
സംഭവം ഏതായാലും സത്യവുമാണ്. 2016 മുതല്‍ ഐ.പി.എല്‍ കളിക്കുന്ന ജോര്‍ദന്‍ എല്ലാ സീസണിലുമായി കളിച്ച 34 മത്സരത്തിലെ 13 ഇന്നിങ്‌സില്‍ നിന്നും നേടിയത് 81 റണ്‍സാണ്.
8.10 എന്ന ശരാശരിയിലും 105.19 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്‍സ് നേടിയത്. ആകെ കളിച്ച 13 മത്സരത്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറും മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇതാണ് താരം ഹണ്‍ഡ്രഡില്‍ ഒറ്റ മത്സരം കൊണ്ട് മറികടന്നത്.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ജോര്‍ദന് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നിരുന്നില്ല. ട്രെന്റ് റോക്കറ്റ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ബ്രേവ് വിജയം സ്വന്തമാക്കിയത്.
Content highlight: Chris Jordan’s brilliant Batting in The Hundred