സ്റ്റാര്‍ഡം എന്താണെന്ന് എനിക്കറിയാം, ധൂള്‍, സാമി, ദില്‍ ഒക്കെ ചെയ്തിട്ടാണ് ഇവിടം വരെ എത്തിയത്: റിപ്പോര്‍ട്ടര്‍ക്ക് മറുപടിയുമായി ചിയാന്‍ വിക്രം
Entertainment
സ്റ്റാര്‍ഡം എന്താണെന്ന് എനിക്കറിയാം, ധൂള്‍, സാമി, ദില്‍ ഒക്കെ ചെയ്തിട്ടാണ് ഇവിടം വരെ എത്തിയത്: റിപ്പോര്‍ട്ടര്‍ക്ക് മറുപടിയുമായി ചിയാന്‍ വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th August 2024, 9:43 am

തങ്കലാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ ഒരു റിപ്പോര്‍ട്ടര്‍ ചിയാനോട് ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയും ശ്രദ്ധേയമായി. തങ്കലാന്‍ പോലെ വലിയ ബജറ്റ് ചിത്രം ഹിറ്റാക്കണമെങ്കില്‍ ഫാന്‍സ് പവര്‍ വേണ്ടേ എന്നായിരുന്നു ആദ്യത്തെ ചോദ്യം.

തനിക്ക് എത്രമാത്രം ഫാന്‍സ് ഉണ്ടെന്ന് ആദ്യദിവസം സിനിമ കളിക്കുന്ന തിയേറ്ററില്‍ പോയാല്‍ മനസിലാകുമെന്ന് വിക്രം മറുപടി നല്‍കി. ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ തന്റെ മാനേജറെ വിളിച്ചാല്‍ ശരിയാക്കുമെന്നും വിക്രം പറഞ്ഞു.

‘ഫാന്‍സ് ഉണ്ടോ ഇല്ലയോ എന്ന് ഫസ്റ്റ് ഡേ തിയേറ്ററില്‍ പോയിനോക്കിയാല്‍ മനസിലാകും. നിങ്ങളുടെ നമ്പര്‍ എന്റെ മാനേജര്‍ക്ക് കൊടുക്കൂ. ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ അയാള്‍ ശരിയാക്കിത്തരും. എന്റെ ഫാന്‍സിനെപ്പറ്റി ശരിക്ക് അറിയാത്തതുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ പറയുന്നത്,’ വിക്രം പറഞ്ഞു.

ഇത്ര വലിയ സിനിമ വിജയിപ്പിക്കാനുള്ള സ്റ്റാര്‍ഡം ഉണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ദില്‍, ധൂള്‍, സാമി എന്നീ സിനിമകള്‍ ചെയ്താണ് താന്‍ ഇവിടം വരെയെത്തിയതെന്നും എന്നാല്‍ തന്റെ ഉദ്ദേശം മറ്റൊരു തലത്തിലേക്കെത്തിക്കുക എന്നതാണെന്നും അതിലേക്കുള്ള അടുത്ത ശ്രമമാണ് തങ്കലാനെന്നും വിക്രം പറഞ്ഞു. രാവണന്‍ എന്ന സിനിമയുടെ ഹിന്ദി വേര്‍ഷന്‍ പരാജയപ്പെട്ടപ്പോള്‍ തമിഴ് വേര്‍ഷന്‍ ഹിറ്റായിരുന്നുവെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

‘സ്റ്റാര്‍ഡം ഇല്ലാ എന്ന് ഒന്നുമറിയാതെ പറരുത്. സാമി, ധൂള്‍, ദില്‍ ഒക്കെ ചെയ്തിട്ടാണ് ഞാന്‍ ഇവിടം വരെയെത്തിയത്. എനിക്ക് വേണമെങ്കില്‍ അതുപോലെത്തന്നെ തുടരാമായിരുന്നു. പക്ഷേ സിനിമയെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഓരോ സിനിമയും ഒന്നിനൊന്ന് വ്യത്യസ്തമാകണമെന്നാണ് എന്റെ ആഗ്രഹം.

അതിലേക്കുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് തങ്കലാന്‍. ഇത്തരം പരീക്ഷണസിനിമകളും ആളുകള്‍ സ്വീകരിക്കും. ഫാന്‍സിനെപ്പോലെ പ്രധാനമാണ് ജനറല്‍ ഓഡിയന്‍സ്. അവര്‍ക്കുകൂടി ഇഷ്ടമാകുന്ന തരത്തിലാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്. രാവണന്‍ എന്ന സിനിമയുടെ ഹിന്ദി വേര്‍ഷന്‍ പരാജയമായിരുന്നു. പക്ഷേ രാവണന്റെ തമിഴ് വേര്‍ഷന്‍ ഹിറ്റായിരുന്നു. ഇതെല്ലാം ആലോചിക്കാതെ ചോദ്യം ചോദിക്കുന്നത് ശരിയല്ല,’ വിക്രം പറഞ്ഞു.

Content Highlight: Chiyaan Vikram’s reply to a reporter during Thangalaan press meet going viral