വയനാട്ടിലെ ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നല്‍കി ചിയാന്‍ വിക്രം
Kerala
വയനാട്ടിലെ ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നല്‍കി ചിയാന്‍ വിക്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 4:50 pm

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി തമിഴ് നടന്‍ ചിയാന്‍ വിക്രം. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപയാണ് വിക്രം സഹായമായി നല്‍കിയത്.

നിലവില്‍ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.സൈന്യവും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നിര്‍മിക്കുന്ന താത്കാലിക പാലത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇപ്പോള്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കുപ്രകാരം മരണസംഖ്യ 190 കടന്നിരിക്കുകയാണ്‌.

ഇതിനെല്ലാം പുറമെ വയനാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലേക്ക് വരുന്നവര്‍ ജില്ലയിലെ താമസക്കാരാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. താമരശ്ശേരി ചുരം രണ്ടാം വളവില്‍ വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ദുരന്തസ്ഥലം കാണാനെത്തുന്ന ആളുകളുടെ തിരക്ക് വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെയാണ് വയനാട്ടിലെ മുണ്ടകൈ-ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു നാടിനെ നടുക്കിക്കൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 2019ലെ പുത്തുമല ദുരന്തത്തിന് ശേഷം വയനാടിനെ തകര്‍ത്തതും കേരളത്തില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയതുമായ ഉരുള്‍പൊട്ടലായിരുന്നു ഇത്.

വയനാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടിലാണ്. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

 

Content Highlight: Chiyaan Vikram donates Rs 20 lakh to victims of Wayanad landslide in Kerala