കൊല്‍ക്കത്ത: വന്‍കിട ചിട്ടി കമ്പനിയായ ശാരദാ ഗ്രൂപ്പ് തലവന്‍ സുദീപ്ത സെന്നും മൂന്നു കൂട്ടാളികളും പോലീസിന്റെ പിടിയിലായെങ്കിലും ബംഗാളില്‍ ജനരോഷം പടരുകയാണ്. സംസ്ഥാനത്ത് കൂണ്‍പോലെ മുളച്ചു പൊന്തിയിട്ടുള്ള ചെറുതും വലുതുമായ നൂറുകണക്കിന് ചിട്ടികമ്പനികളുടെ ഓഫീസുകള്‍ അടച്ചിടുകയോ ജനരോഷത്തിനു ഇരയാകുകയോ ചെയ്യുകയാണ്. നടത്തിപ്പുക്കാരും എജന്റുമാരും ജനരോഷം ഭയന്ന് ഒളിവില്‍പോയിരിക്കുകയാണ്.[]
ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നൂറുകണക്കിന് നിക്ഷേപകരാണ് ചിട്ടി കമ്പനികളുടെ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടുന്നത്. രോഷപ്രകടനം വഴി തടയലിലേക്കും സര്‍ക്കാര് ഓഫീസ് ഉപരോധത്തിലേക്കും നീങ്ങിയത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്ന് പോലിസ് അധികൃതര്‍ പറയുന്നു. റോസ് വാലി, ആല്‍കെമിസ്റ്റ്, എനക്‌സ് ഹൗസിംഗ്, സുരാഹ ഫിനാന്‍സ് തുടങ്ങി ചെറുതും വലുതുമായ സംസ്ഥാനത്തെ നിരവധി ചിട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി.
സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഞ്ഞൂറ് കോടി രൂപയുടെ റിലീഫ് ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുള്ള പുകയില ഉത്പന്നങ്ങളുടെ മേല്‍ പത്തു ശതമാനം അധിക നികുതി ചുമത്തിയാണ് ഈ ഫണ്ടിലേക്ക് പണം ശേഖരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിചിരിക്കുന്നത്. ഹൈക്കോടതി മുന്‍ജഡ്ജി ശ്യാമള്‍ സെന്നിന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപീ കരിച്ചിട്ടുണ്ട്. തട്ടിപ്പിന് വിധേയരായ നിക്ഷേപകര്‍ തങ്ങളുടെ പരാതി ഈ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്മിഷന്‍ അവ പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കും. പക്ഷെ ഇതൊന്നും ജനരോഷം കുറയ്ക്കാന്‍ ഉപകരിച്ചിട്ടില്ല. ഇതിനിടയില്‍ ഭരണകക്ഷി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ശാരദാ ഗ്രൂപ്പുമായി ബന്ധമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതും ഭരണ കക്ഷിക്ക് വിനയായിട്ടുണ്ട്.