ന്യൂദല്‍ഹി: എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേന്ദ്ര മന്ത്രിയും എല്‍.ജെ.പി നേതാവുമായിരുന്ന അന്തരിച്ച രാം വിലാസ് പാസ്വാന്റെ മരണത്തില്‍ അനുസ്മരണ വീഡിയോ ഷൂട്ട് ചെയ്യുന്ന മകന്‍ ചിരാഗ് പാസ്വാന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ന്റെ പരിഹാസം.
അന്തരിച്ച പിതാവിന്റെ ഛായാചിത്രത്തിന് മുന്നില്‍ ചിരാഗ് പാസ്വാന്റെ അവതരണം. ബോളിവുഡില്‍ അദ്ദേഹത്തിന് ഒരു സ്ഥാനം ലഭിക്കണം! എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
അച്ഛന്റെ മരണത്തില്‍ അനുശോചനമറിയിച്ചവര്‍ക്കുള്ള നന്ദിയും ഓര്‍മ്മകളും പങ്കുവെയ്ക്കുന്ന ചിരാഗിന്റെ വീഡിയോയുടെ ചിത്രീകരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോ പങ്കുവെച്ചായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പരിഹാസം.
എന്നാല്‍ ബോളിവുഡില്‍ ചിരാഗ് അഭിനയിച്ച കാര്യവും ചിലര്‍ ചൂണ്ടികാട്ടുന്നുണ്ട്. 2011 ല്‍ മിലേ നാ മിലേ ഹം എന്ന ചിത്രത്തിലായിരുന്നു ചിരാഗ് അഭിനയിച്ചത്.
ഒക്ടോബര്‍ ആദ്യ വാരമായിരുന്നു കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ചിരാഗ് പാസ്വാന്‍ തന്നെയാണ് രാം വിലാസ് പാസ്വാന്റെ മരണം വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
അതേസമയം ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് അച്ഛന്‍ രാം വിലാസ് പാസ്വാനായിരുന്നെന്ന് ചിരാഗ് പാസ്വാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാം വിലാസ് പാസ്വാന്റെ മരണത്തിന് ശേഷം നല്‍കിയ ആദ്യ അഭിമുഖത്തിലായിരുന്നു ചിരാഗ് പാസ്വാന്റെ പ്രതികരണം.
Chirag Paswan performs in front of his late father’s portrait. He should get a stab in Bollywood! pic.twitter.com/sAXBJxnRFE
— Prashant Bhushan (@pbhushan1) October 27, 2020
”അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഈ സമയത്ത് അച്ഛന്‍ കൂടി ഇല്ലാതാകുമെന്ന് കരുതിയിരുന്നില്ല. അച്ഛനായിരുന്നു എന്റെ എല്ലാ ശക്തിയും. അദ്ദേഹം കൂടെയുണ്ടായിരുന്നപ്പോള്‍ എനിക്ക് എല്ലാം സാധിക്കുമായിരുന്നു. ഇപ്പോഴും ഞാനതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നായിരുന്നു ചിരാഗിന്റെ പ്രതികരണം.
അച്ഛനാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. നീ ചെറുപ്പമാണ് എന്ത് കൊണ്ട് ഉചിതമായ ഒരു തീരുമാനം എടുത്തുകൂടാ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു”. ചിരാഗ് പാസ്വാന്‍ പറഞ്ഞു.
അദ്ദേഹം എപ്പോഴുമെന്നോട് പറയുമായിരുന്നു ചിരാഗ് നീ കാരണമാണ് ഇപ്പോഴത്തെ ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ ആ സ്ഥാനത്ത് തുടരുന്നതെന്ന്. ഒരു പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ നീ ഇതില്‍ ദുഃഖിക്കും. ഇതിനെല്ലാം സംസ്ഥാനവും അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം നിരന്തരം എന്നോട് പറയുമായിരുന്നു”, ചിരാഗ് പാസ്വാന്‍ പറഞ്ഞു.
ഇതിനിടെ ബീഹാറില്‍ ബി.ജെ.പി-എല്‍.ജെ.പി രഹസ്യ ധാരണയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എല്‍.ജെ.പിയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും.
നിതീഷ് കുമാറുമായി മാത്രമാണ് തനിക്ക് അഭിപ്രായവ്യത്യാസമുള്ളതെന്ന് പരസ്യമായി പറഞ്ഞ ചിരാഗ് ഒരു ഘട്ടത്തില്‍ ബീഹാര്‍ ഭരിക്കാന്‍ പോകുന്നത് ബി.ജെ.പിയും എല്‍.ജെ.പിയും ആണെന്ന് പറഞ്ഞതും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍മാര്‍ക്കിടയില്‍ സീവോട്ടേഴ്സ് നടത്തിയ സര്‍വ്വേ ഫലത്തില്‍ ബി.ജെ.പി- എല്‍.ജെ.പി രഹസ്യ ധാരണയെക്കുറിച്ച് സംശയം ബലപ്പെട്ടത്.
സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം ആളുകളും കരുതുന്നത് ബി.ജെ.പിയും എല്‍.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Contenthighlights: Chirag Paswan performs in front of his late father’s portrait. He should get a stab in Bollywood! Prashant Bhushan