ചിന്ത- നവയുഗം വിവാദം തുടരാന്‍ താല്‍പര്യമില്ല; ചിന്തയ്ക്ക് നിര്‍ദേശം നല്‍കി: കോടിയേരി
Kerala News
ചിന്ത- നവയുഗം വിവാദം തുടരാന്‍ താല്‍പര്യമില്ല; ചിന്തയ്ക്ക് നിര്‍ദേശം നല്‍കി: കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd April 2022, 4:26 pm

കണ്ണൂര്‍: സി.പി.ഐ.എം- സി.പി.ഐ പാര്‍ട്ടികളുടെ മുഖപത്രങ്ങളായ ചിന്ത- നവയുഗം വിവാദം തുടരാന്‍ താല്‍പര്യമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സി.പി.ഐ.എം ചിന്തയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

സി.പി.ഐയുടെ ഭാഗത്ത് നിന്നും നവയുഗത്തില്‍ ഇടപെടല്‍ ഉണ്ടാവണമെന്നും, വിവാദങ്ങള്‍ അനവസരത്തിലാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ചിന്ത വാരികയില്‍ വന്ന കാര്യങ്ങള്‍ തെറ്റാണ്. സി.പി.ഐ.എമ്മും സി.പി.ഐയും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. പഴയ കാര്യങ്ങള്‍ തേടിപ്പിടിച്ച് പറയേണ്ട അവസരമല്ലിത്. അങ്ങനെ പറയാനാണേല്‍ രണ്ട് കൂട്ടര്‍ക്കുമുണ്ട്. രണ്ട് കൂട്ടരുടേയും ബന്ധം ശക്തിപ്പെടുത്തേണ്ട അവസരത്തില്‍ വിവാദത്തിന്റെ ആവശ്യമില്ല. വിവാദമവസാനിക്കാന്‍ സി.പി.ഐ.എം തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി.പി.ഐ എന്നായിരുന്നു സി.പി.ഐ.എം രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നത്.

റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സി.പി.ഐ. അവസരം ലഭിച്ചപ്പോഴെല്ലാം ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കൊപ്പം അധികാരം പങ്കിടാന്‍ സി.പി.ഐ മടി കാണിച്ചിട്ടില്ല. സ്വന്തം ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍കൈയും നേതൃത്വവും ഉള്ളിടത്ത് മാത്രമേ അധികാരത്തില്‍ പങ്കാളിയാകൂ എന്ന വിപ്ലവകരമായ നിലപാട് സി.പി.ഐ.എം എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്.

1967ല്‍ ഇ.എം.എസ്. സര്‍ക്കാരില്‍ പങ്കാളിയായ സി.പി.ഐ വര്‍ഗവഞ്ചകര്‍ എന്ന ആക്ഷേപത്തെ അന്വര്‍ഥമാക്കികൊണ്ട് വീണുകിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഇ.എം.എസ് സര്‍ക്കാരിനെ പുറത്താക്കാന്‍ ഇടപെടല്‍ നടത്തിയ പാര്‍ട്ടിയാണ്.

കേരളത്തിലെ ജാതി-ജന്മി വ്യവസ്ഥയുടെ വേരറുത്ത ഭൂപരിഷ്‌കരണ നിയമം നിയമസഭ പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസം സി.പി.ഐ ഉള്‍പ്പടെയുള്ളവര്‍ മുന്നില്‍ നിന്നാണ് ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിച്ചത്. സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് പിന്തുണയോടെ ഭരണത്തിലേറുകയാണ് സി.പി.ഐ ചെയ്തതെന്നും ലേഖനത്തില്‍ പറയുന്നു.

സി.പി.ഐ ആകട്ടെ, അധികാരത്തിനു വേണ്ടി അവസരവാദ നിലപാടുകളാണ് എന്നും പിന്തുടര്‍ന്നു പോരുന്നതെന്നും ചിന്തയില്‍ പറയുന്നു.

നേരത്തെ പാര്‍ട്ടി സമ്മേളനങ്ങളിലെ പ്രസംഗത്തിനായി സി.പി.ഐ തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷ തിരുത്തല്‍ ശക്തിയായി തുടരുമെന്ന വാചകമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്തല്‍ വാദത്തിന്റെ ചരിത്രവേരുകള്‍ എന്നപേരില്‍ ചിന്തയിലൂടെ സി.പി.ഐ.എം മറുപടി പറഞ്ഞത്.

ഇതിനെതിരെ ചിന്ത വാരികയിലെ ലേഖനത്തിന് നവയുഗത്തിലൂടെ മറുപടി പറയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി.പി.ഐ എന്നായിരുന്നു സി.പി.ഐ.എം രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നത്.

വിമര്‍ശിക്കുന്നത് ശരിയാണോയെന്ന് തീരുമാനിക്കേണ്ടത് വിമര്‍ശിക്കുന്നവരാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയശാസ്ത്ര തര്‍ക്കങ്ങള്‍ പാടില്ലെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. മുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായ തര്‍ക്കങ്ങള്‍ ആവാം. സി.പി.ഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ ചിന്തക്കുള്ള മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Chintha-Navayugam controversy does not want to continue; Kodiyeri